തിരുവനന്തപുരം: മതസ്പർദ്ധത വളർത്തുന്ന തരത്തിൽ ഫേസ്‌ബുക്കിൽ വീഡിയോ പങ്കുവച്ച യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ പൊക്കി കേരള പൊലീസ്. ഫേസബുക്കിലൂടെ അപകീർത്തികരമായ സംഭാഷണം നടത്തുകയും ചെയ്ത അട്ടപ്പാടി പടിഞ്ഞാറേക്കര വീട്ടിൽ ശ്രീജിത്ത് രവീന്ദ്രനാണ് അറസ്റ്റിലായത്.
മതസ്പർദ്ധ വളർത്താൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് കേസെടുത്തത്. അങ്ങേയറ്റം മ്ലേച്ഛമായ ഭാഷയിലായിരുന്നു ശ്രീജിത്തിന്റെ വീഡിയോ. മുസ്ലിം ജനതയെ കടന്നാക്രമിച്ചാണ് മതവിദ്വേഷകരമായ പ്രസംഗം ഇയാൾ സോഷ്യൽ മീഡിയ വഴി നടത്തിയത്. ഷാഹിൻബാഗിലെ സമരക്കാരെ വിമർശിച്ചാണ് രംഗത്തെത്തിയിത്. വീഡിയോ വിവാദത്തിൽ നിറഞ്ഞതോടെയാണ് ഇയാൾക്കെതിരെ സൈബര്ഡ സെല്ലിലും പരാതിയെത്തിയത്. പന്തളം ജി മോഡൽ ഫേസ്‌ബുക്ക് ലൈവിലെത്തിയായിരുന്നു ഇയാളുടെ ഷോ. മോദി സർക്കാരിനെ പുകഴ്‌ത്തിയും രാജ്യവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവരെ പുറത്താക്കണമെന്നുമാണ് ഇയാൾ വീഡിയോയിലൂടെ പറഞ്ഞത്.
സമരക്കാരെ വെടിവെക്കണമെന്നും ഇയാൾ വീഡിയോയിലൂടെ പറയുന്നുണ്ട്. എന്നാൽ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് നിമിഷങ്ങൾക്കുള്ളിലാണ് സൈബർസെൽ നടപടി സ്വീകരിക്കുന്നതും അട്ടപ്പാടി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നതും. ഇതോടെ കേരളാ പൊലീസിനും നിറഞ്ഞ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. പൊലീസിന്റെ സൈബർ വിഭാഗം തന്നെ ട്രോളുമായി എത്തിയിട്ടുണ്ട്. മതവിദ്വേഷപ്രസംഗം നടത്തുന്ന ഇയാളെ കാണിച്ച് കൊണ്ട് ഇയാളെ പിന്നീട് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങളും ട്രോൾ വീഡിയോയിൽ പങ്കുവയ്ക്കുന്നുണ്ട്.ഇതിനിടെ സംസ്ഥാനത്ത് നേരിട്ടോ അല്ലാതെയോ വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
നവമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള സന്ദേശങ്ങൾ തയ്യാറാക്കുകയോ ഫോർവേഡ് ചെയ്യുകയോ ചെയ്യുന്നവർക്കെതിരെയും നടപടി സ്വീകരിക്കും. സമൂഹ മാധ്യമങ്ങളിലൂടെയുള്ള എല്ലാ സന്ദേശങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും. സംസ്ഥാനത്തുടനീളം ഏത് അടിയന്തര സാഹചര്യങ്ങളും നേരിടാൻ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ പൊലീസ് സേനയെ സുസജ്ജമാക്കിയിട്ടുണ്ട്. വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് പൊതുജനങ്ങൾ വിട്ടു നിൽക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യർത്ഥിച്ചു. സംഭവത്തിൽ പ്രതികരണവുമായി മന്ത്രി കെ.ടി ജലീലും രംഗത്തെത്തി.
കേരളത്തിൽ മതവിദ്വേഷം പ്രചരിപ്പിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാൻ ഒരാളെയും അനുവദിക്കില്ലെന്ന് മന്ത്രി കെ ടി ജലീൽ. വർഗീയ പ്രചാരണം നടത്തിയതിന് വയനാട് സ്വദേശി ശ്രീജിത് രവീന്ദ്രനെ അറസ്റ്റ് ചെയ്ത വിവരം പങ്കുവച്ചുകൊണ്ടാണ് മന്ത്രി ഇത് പറഞ്ഞത്. ‘ഇത് ഡൽഹിയോ യു.പിയോ മധ്യപ്രദേശോ രാജസ്ഥാനോ അല്ല, ഇടതുപക്ഷം ഭരിക്കുന്ന കേരളമാണ്. ഇവിടെ ചോദിക്കാനും പറയാനും ഉണർന്ന് പ്രവർത്തിക്കാനും ഒരു ഭരണകൂടമുണ്ട്. ഒരു നായകനുണ്ട്.’- അദ്ദേഹം പറഞ്ഞു.
ഡൽഹി കലാപത്തിൽ നടക്കുന്ന അക്രമങ്ങളെ പ്രകീർത്തിച്ചും മുസ്ലിം സമുദായത്തിനെ അധിക്ഷേപിച്ച് വർഗീയ പരാമർശം നടത്തുകയും ചെയ്ത ഇയാളെ അഗളി പൊലീസാണ് അറസ്റ്റ് ചെയ്തത്. ട്രംപ് പോയിക്കഴിഞ്ഞാൽ നിങ്ങൾക്കുള്ള മരുന്ന വെച്ചിട്ടുണ്ടെന്നായിരുന്നു മുസ്ലിം വിഭാഗത്തെ അസഭ്യ വർഷം ചൊരിഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്തിയത്. ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് അറിയുവാൻ കഴിയുന്നത്