മൂന്നാർ: മദ്യലഹരിയിൽ മറയൂരിൽ ജ്യോത്സ്യൻ മാരിയപ്പനെ എത്രതവണ വെട്ടിയെന്ന് തനിക്ക് ഓർമയില്ലെന്ന് എരുമേലി തുമരൻപാറ ആലയിൽ സ്വദേശിയായ മിഥുൻ കുറ്റസമ്മത മൊഴിയിൽ പറഞ്ഞു. 70 കാരനായ ജ്യോത്സ്യനെയാണ് മിഥുൻ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത്. മറയൂർ പഞ്ചായത്തംഗം ഉഷ തമ്പി ദുരൈയുടെ പിതാവായ മാരിയപ്പൻ പ്രദേശത്തെ അറിയപ്പെടുന്ന ജോത്സ്യനായിരുന്നു.
”ആദ്യം കഴുത്തിൽ വെട്ടി.പിന്നെ തലയിൽ.എത്രതവണ വെട്ടിയെന്ന കാര്യം ഓർമ്മയില്ല.മരിച്ചെന്ന് ഉറപ്പായപ്പോഴാണ് വാക്കത്തി താഴെയിട്ടത്.പിന്നെ അൻപണ്ണൻ ചാക്കും കയറും കൊണ്ടുവന്നു. മൃതദേഹം ചാക്കിലാക്കി ഞാനും അണ്ണനും കൂടി ചുമന്നുകൊണ്ടുവന്ന് കുറ്റിക്കാട്ടിലിട്ടു.ചോരപുരണ്ട വസ്ത്രം ചാക്കിൽ പൊതിഞ്ഞ് മുറിയുടെ മൂലയിൽ തള്ളി.വാക്കത്തി പായുടെ അടിയിലും ഒളിപ്പിച്ചു.നാട്ടുകാർ സംശയിക്കാതിരി്ക്കാൻ മൃതദ്ദേഹം കണ്ടെത്തിയപ്പോൾ സ്ഥലത്തെത്തി ബഹളം കൂട്ടി.അരും കൊലയ്ക്ക് കാരണമായത് മദ്യം ഉള്ളിലെത്തിയപ്പോൾ ഉടലെടുത്ത പക’: മിഥുന്റെ കുറ്റസമ്മത മൊഴിയുടെ ഉള്ളടക്കം ഇങ്ങനെ പോകുന്നു.
കൂട്ടുപ്രതിയായ അൻപും മിഥുനും മാരിയപ്പനും മദ്യപിക്കാൻ പലപ്പോഴും ഒത്തുചേർന്നിരുന്നു. ഭാര്യ സ്ഥലത്തില്ലാത്തപ്പോൾ അൻപിന്റെ വീട്ടിലാണ് ഇവർ ഒത്തുചേർന്നിരുന്നത്. ഞായറാഴ്ചയും ഇവർ ഇവിടെക്കൂടി മദ്യപിച്ചിരുന്നു. ഇതിനിടയിൽ മാരിയപ്പന്റെ മകൻ ബാറിൽ വച്ച് തന്നെ കയ്യേറ്റം ചെയ്ത വിഷയം മിഥുൻ എടുത്തിട്ടു. മാരിയപ്പൻ പറഞ്ഞിട്ടാണ് മകൻ തന്നെ മർദ്ദിച്ചതെന്നായിരുന്നു മിഥുന്റെ ആരോപണം. തർക്കത്തെ തുടർന്ന് കോപാകൂലനായ മിഥുൻ വീടിനുള്ളിൽ നിന്നും വാക്കത്തിയെടുത്തുകൊണ്ടുവന്നായിരുന്നു മാരിയപ്പനെ ആക്രമിച്ചത്. ദേഹത്ത് 28 മുറിവുകളുള്ളതായിട്ടാണ് പൊലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളത്. ഇതിൽ തലയിലും കഴുത്തിലുമാണ് ആഴവും നീളവുമേറിയ മുറിവുകൾ കൂടുതലുള്ളത്. കൈകളിലും കാലുകളിലും പുറത്തുമെല്ലാം മുറിവുകളുണ്ട്. ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ ഇന്നലെ രാവിലെയാണ് മറയൂരില കെ എസ് ഇ ബി ഓഫീസിനടുത്ത് കനാൽ തീരത്ത് കുറ്റിക്കാട്ടിൽ മൃതദ്ദേഹം കണ്ടെത്തിയത്.