കോട്ടയം: രണ്ടു വർഷത്തോളമായി പുതുപ്പള്ളിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവ് പാസ്പോർട്ട് എടുക്കാനെത്തിയപ്പോൾ അകത്തായി. ആലപ്പുഴ ജില്ലയിൽ നിരവധി ക്രിമിനൽകേസുകളിൽ പ്രതിയാണ് അമൽദേവ്.
പുതുപ്പള്ളി വാകത്താനം ഇരവുചിറ വെള്ളത്തടത്തിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ തൈക്കാട്ടുശേരി ചുടുകാട്ടുപുരം അഞ്ജു നിവാസിൽ അമൽദേവിനെ (35)യാണ് വാകത്താനം എസ്എച്ച്ഒ കെ. പി. ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ആലപ്പുഴയിലെ രണ്ടു പോലീസ് സ്റ്റേഷനുകളിലായി ക്വട്ടേഷൻ, മോഷണം, കഞ്ചാവ് കച്ചവടം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. കഴിഞ്ഞ മൂന്നു വർഷത്തോളമായി വാകത്താനത്താണ് ഇയാൾ താമസിച്ചിരുന്നത്. വാകത്താനത്ത് തട്ടുകട നടത്തിയിരുന്ന ഇയാൾക്കെതിരേ ലഹരി-മാഫിയ ബന്ധം ആരോപിച്ചു നേരത്തെ നാട്ടുകാർ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് വാകത്താനത്തെ വിലാസത്തിൽ പാസ്പോർട്ട് എടുക്കുന്നതിനായി അപേക്ഷ നൽകിയത്.
ഇയാളുടെ പെരുമാറ്റത്തിൽ അടക്കം സംശയം തോന്നിയ വാകത്താനം പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അതുൽ അമൽദേവിനോടു സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചു. സ്റ്റേഷനിൽ എത്തിയ അമൽദേവ് ആലപ്പുഴയിലെ വിലാസം പറയാൻ തയാറായില്ല. ഇതാണ് ഇയാളെ കുടുക്കാനുള്ള കാരണമായി മാറിയത്.
തുടർന്ന് അച്ഛന്റെ പേരും മറ്റു വിവരങ്ങളും ശേഖരിച്ച പോലീസ് ആലപ്പുഴ ജില്ലാ പോലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തി. ഇതോടെയാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അമലാണ് വാകത്താനത്ത് ഒളിവിൽ താമസിക്കുന്നതെന്നു കണ്ടെത്തിയത്. പിടി കൂടിയ ശേഷം തുടർന്ന് ഇയാളെ ആലപ്പുഴ പോലീസിനു കൈമാറി.