തൊടുപുഴ: ഭർത്താവിനെയും നാലും ഒൻപതും വയസുള്ള കുട്ടികളെയും ഉപേക്ഷിച്ച് യുവതി മുങ്ങിയത് മൂന്നു ദിവസം മാത്രം പരിചയമുള്ള ആസാം സ്വദേശിക്കൊപ്പം. ഭാഷ പോലും വശമില്ലാത്ത യുവതി ഇയാൾക്കൊപ്പം എത്തിയതാകട്ടെ ആസാമിലെ നക്സൽ സാന്നിധ്യമുള്ള ഗ്രാമീണ മേഖലയിൽ. നാലു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് അതീവ സാഹസികമായി പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിച്ചത്.
തൊടുപുഴ തൊമ്മൻകുത്ത് സ്വദേശിയായ യുവതിയാണ് മൂന്നു ദിവസം മാത്രം പരിചയമുള്ള ഇതര സംസ്ഥാനക്കാരനായ കാമുകനൊപ്പം മക്കളെ ഉപേക്ഷിച്ച് സ്ഥലം വിട്ടത്. ആസാം ദിംബൂർഗർ ജില്ലയിലെ ഗ്രാമത്തിൽ താമസക്കാരനായ മൈനയെന്നു വിളിക്കുന്ന മൃദുൽ ഗൊഗോയി (31) , തൊമ്മൻകുത്ത് സ്വദേശിനി ഗീത എന്നിവരെയാണ് കാളിയാർ പോലീസ് അറസ്റ്റു ചെയ്തത്.
പ്രവാസിയായ ഭർത്താവ് നിർമിക്കുന്ന വീടിന്റെ വയറിംഗ് ജോലിക്കു വന്ന മൈനയുമായി ഗീത അടുപ്പത്തിലാകുകയായിരുന്നു. മൂന്നു ദിവസത്തെ അടുപ്പത്തിനൊടുവിൽ കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് രാത്രിയാണ് ഗീത ഇയാളോടൊപ്പം ഇറങ്ങിപ്പോയത്. തുടർന്ന് ട്രെയിനിൽ ദിംബൂർഗറിൽ എത്തി ഇയാൾക്കൊപ്പം താമസിക്കുകയായിരുന്നു. പുറമെ നിന്നുള്ളവർക്ക് കടന്നുവരാൻ സാധിക്കാത്ത ഗ്രാമീണ മേഖലയിലാണ് യുവതിയെയും കൂട്ടി ഇയാൾ താമസിച്ചിരുന്നത്. ഇയാൾക്ക് സ്വദേശത്ത് ഭാര്യയും കുട്ടിയുമുണ്ട്.
യുവതിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് കാളിയാർ എസ്ഐ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരുന്നതിനിടെ സൈബർ സെല്ലിന്റെ സഹായത്തോടെ ഇവർ എവിടെയുണ്ടെന്ന് കണ്ടെത്തി. കാളിയാർ എഎസ്ഐ വിജേഷ്, സിപിഒമാരായ അജിത്, ഷൈലജ, ശുഭ എന്നിവർ ആസാമിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. സമീപത്തെ മൊറാൻ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ മൈനയുടെ ഗ്രാമവാസികൾ പോലീസ് സ്റ്റേഷൻ വളഞ്ഞു.
തുടർന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി പി.കെ.മധു തമിഴ്നാട് സ്വദേശിയായ ദിംബുഗർ എസ്പി ശ്രീജിത്തുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായം തേടി. പിന്നീട് സ്ഥലത്തു നിന്നും 500 ഓളം കിലോമീറ്റർ അകലമുള്ള ഗുവാഹത്തി എയർപോർട്ട് വരെ ആയുധധാരികളായ സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിൽ എത്തിക്കുകയായിരുന്നു.
പിന്നീട് ഇരുവരെയും വിമാന മാർഗം കേരളത്തിലെത്തിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.










Manna Matrimony.Com
Thalikettu.Com







