ആലപ്പുഴ : യാത്രയില്‍ രേഖകള്‍ നഷ്ടപ്പെട്ട യുവതിക്ക് തുണയായത് പോലീസ്. പോലീസിന്റെ സഹായത്താൽ വിഷ്ണുപ്രിയ കെഎഎസ് പരീക്ഷയെഴുതി. ചേർത്തല പാണാവള്ളി വിഷ്ണുപ്രിയ നിവാസിൽ വിഷ്ണുപ്രിയയ്ക്കാണ് അമ്പലപ്പുഴ പോലീസ് തുണയായത്.
ഇന്നലെ നടന്ന കെഎഎസ് പരീക്ഷയെഴുതാനായാണ് വിഷ്ണുപ്രിയ ചേർത്തലയിൽ നിന്ന് തിരുവനന്തപുരം സൂപ്പർ ഫാസ്റ്റിൽ കയറിയത്. പുന്നപ്ര കാർമൽ കോളേജായിരുന്നു പരീക്ഷാകേന്ദ്രം.
പുന്നപ്രയിൽ സ്റ്റോപ്പില്ലാത്തതിനാൽ ബസ് വണ്ടാനത്താണ് നിർത്തിയത്. ഇവിടെ നിന്നും ഓട്ടോറിക്ഷയിൽ പരീക്ഷാ കേന്ദ്രത്തിലേക്കു പോകാനൊരുങ്ങുന്പോഴാണ് മറ്റു രേഖകൾ, പണം, മൊബൈൽ ഫോണ്‍ എന്നിവയടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതറിഞ്ഞത്. ഉടൻ ആ ഓട്ടോറിക്ഷയിൽത്തന്നെ അന്പലപ്പുഴ പോലീസ് സ്റ്റേഷനിലെത്തി .
പോലീസിന്റെ സഹായത്തോടെ അമ്പലപ്പുഴയിൽ ബസ് തടഞ്ഞു നിർത്തി പരിശോധന നടത്തിയെങ്കിലും ഇവ കണ്ടെത്താൻ കഴിഞ്ഞില്ല. വിഷ്ണുപ്രിയയുടെ അവസ്ഥ മനസിലാക്കിയ പോലീസ് ഉടൻ തന്നെ പോലീസ് ജീപ്പിൽ വിഷ്ണുപ്രിയയെ പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചു.
ഹാൾ ടിക്കറ്റ് ഉണ്ടായിരുന്നെങ്കിലും മറ്റ് തിരിച്ചറിയൽ രേഖകൾ നഷ്ടപ്പെട്ടതിനാൽ പരീക്ഷയെഴുതാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പിഎസ്സി അധികൃതർ. എന്നാൽ രേഖകൾ നഷ്ടപ്പെട്ടതായുള്ള പോലീസിന്റെ സർട്ടിഫിക്കറ്റുണ്ടെങ്കിൽ പരീക്ഷയെഴുതാമെന്ന് അധികൃതർ അറിയിച്ചു.
തുടർന്ന് അമ്പലപ്പുഴ സ്റ്റേഷനിൽ നിന്ന് സർട്ടിഫിക്കറ്റു നഷ്ടപ്പെട്ടതായുള്ള ലോസ്റ്റ് സർട്ടിഫിക്കറ്റ് നിമിഷങ്ങൾക്കുള്ളിൽ തയാറാക്കി പോലീസുദ്യോഗസ്ഥൻ മനീഷ് പരീക്ഷാ കേന്ദ്രത്തിലെത്തിച്ചതോടെ വിഷ്ണു പ്രിയക്ക് പരീക്ഷയെഴുതാൻ കഴിഞ്ഞു.
തുടർന്ന് വിഷ്ണുപ്രിയയുടെ ഭർത്താവിനെ പോലീസ് വിവരമറിയിച്ചു. പോലീസിന്റെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് വിഷ്ണുപ്രിയയ്ക്കു പരീക്ഷയെഴുതാൻ കഴിഞ്ഞത്. ഗ്രേഡ് എസ്ഐ സാധു ലാൽ, എഎസ്ഐ അജീബ്, സിപിഒമാരായ വിഷ്ണു, ബാബു എന്നിവരാണ് വിഷ്ണുപ്രിയക്ക് തുണയായി മാറിയത്.










Manna Matrimony.Com
Thalikettu.Com







