കോട്ടയം: 65 ലക്ഷം രൂപയുടെ ബിൽ പാസാക്കുന്നതിനു കരാറുകാരനിൽ നിന്ന് 20,000 രൂപ കൈക്കൂലി വാങ്ങിയ പൊൻകുന്നം വാട്ടർ അതോറിറ്റി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ വിജിലൻസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര സ്വദേശി അജിത്തിനെയാണ് (34) അറസ്റ്റ് ചെയ്ത്. വിജിലൻസ് വളഞ്ഞതോടെ പിടിയിലാകുമെന്ന് മനസ്സിലായ അജിത്ത് കടന്നുകളയാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇന്നലെ 4.45ന് തെങ്ങണ ജംക്‌ഷനിലെ എസ്ബിഐക്കു സമീപത്താണ് സംഭവം.
2017–18 വർഷത്തിൽ വാട്ടർ അതോറിറ്റിയുടെ ചങ്ങനാശേരി സബ് ഡിവിഷനു കീഴിലുള്ള തൃക്കൊടിത്താനം പമ്പ് ഹൗസ് മുതൽ പായിപ്പാട് കൊച്ചുപള്ളി ടാങ്ക് വരെയുള്ള പമ്പിങ് ജോലികൾ പൂർത്തിയാക്കിയതിന് കണ്ണൂർ സ്വദേശിയായ കരാറുകാരൻ 65 ലക്ഷം രൂപയുടെ ബില്ലാണ് നൽകിയിരുന്നത്. ബിൽ പാസാക്കുന്നതിന് 20,000 രൂപ കൈക്കൂലി നൽകി.വീണ്ടും 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ട് വി.ജി.വിനോദ് കുമാറിന് കരാറുകാരൻ പരാതി നൽകുകയായിരുന്നു.വിജിലൻസ് ഉദ്യോഗസ്ഥർ നൽകിയ ഫിനോഫ്തലിൻ പൗഡർ പുരട്ടിയ 20,000 രൂപയുമായി കരാറുകാരൻ അജിത്ത്നെ വിളിച്ചുവരുത്തി. തെങ്ങണ എസ്ബിഐ ബാങ്കിന് സമീപത്ത് കരാറുകാരൻ പണം കൈമാറി.
ഈ സമയം യൂണിറ്റ് ഡിവൈഎസ്പി എ.കെ.വിശ്വനാഥന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം അജിത്ത്നെ വളഞ്ഞു കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.കരാറുകാരനിൽനിന്നു കൈപ്പറ്റിയ 20,000 രൂപ പിടിച്ചെടുത്തു.ഡിവൈഎസ്പി എം.കെ.മനോജ്, പൊലീസ് ഇൻസ്പെക്ടർമാരായ കെ.സദൻ, റിജോ പി.ജോസഫ്, രാജേഷ്, സബ് ഇൻസ്പെക്ടർമാരായ വിൻസെന്റ്, റെനി മാണി, പ്രദീപ് കുമാർ, എഎസ്ഐമാരായ കെ.ഒ.വിനോദ്, സ്റ്റാൻലി തോമസ്, തുളസീധരക്കുറുപ്പ്, സുരേഷ് കുമാർ, സലിം കുമാർ, സുരേഷ് ബാബു, റ്റിജുമോൻ, ഡി.ബിനു എന്നിവരും ഉണ്ടായിരുന്നു. അജിത്ത്നെ ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും.