അങ്കമാലി: നെഞ്ചിലും കണ്ണിലും കരളിലും ഒക്കെ ഇപ്പോഴും തീയാണ് അജയ്ക്കു . കാരണം അവിനാശി അപകടത്തിൽ രക്ഷപ്പെട്ട അങ്കമാലി സ്വദേശി അജയ് സന്തോഷിന് ജീവിതത്തിലേക്ക് താൻ തിരിച്ചു വന്നെന്ന സത്യം ഇതുവരെയും വിശ്വസിക്കുവാൻ കഴിഞ്ഞിട്ടില്ല.എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കുമ്പോൾ നെഞ്ചിനുള്ളിൽ ഇപ്പോഴും തീയാണ്. ഇടതുഭാഗത്തെ പിൻസീറ്റിലായിരുന്നതുകൊണ്ട് മാത്രം ജീവൻ തിരിച്ചുകിട്ടി.
അപ്രതീക്ഷമായുണ്ടായ ഇടിയുടെ ശബ്ദവും ആഘാതവും മൂലം ഞെട്ടിയുണർന്നപ്പോൾ കാൽ എടുക്കാനാവാതെ കമ്പിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. മടിയിലും ചുമലിലുമായി മാസ കഷണങ്ങളും ആളുകളും കിടക്കുന്നു. ഒട്ടേറെ പേർ നിലത്തുവീണു കിടക്കുന്നു. ബസിന്റെ ചില്ലുകൾ പൊട്ടിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ആരൊക്കെയൊ ചേർന്ന് ഓരോരുത്തരേയും ആശുപത്രിയിലേക്കു കൊണ്ടുപോയി.
സീറ്റിനുള്ളിൽ കാൽ കുടുങ്ങിയതിനാൽ പെട്ടെന്ന് എഴുന്നേൽക്കാനായില്ല.ഇടതുകാലിനും ചെവിയുടെ താഴെയും നെറ്റിക്കും ചുണ്ടിനുമാണ് പരിക്കുള്ളത്. തിരുപ്പൂരിലെ ആശുപത്രിയിൽ പ്രാഥമിക പരിശോധനകൾ നടത്തിയ ശേഷം റെയിൽവേ സ്റ്റേഷനിലേക്കു പോയി.
നാട്ടിലെത്തിയ അജയ് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെത്തി പരിശോധനകൾ നടത്തി. വിദേശത്തുള്ള അച്ഛൻ സന്തോഷിന് അജയ് വീഡിയോ കോൾ ചെയ്തു. ബംഗളൂരുവിലെ സപ്തഗിരി മെഡിക്കൽ കോളജിൽ ഒന്നാം വർഷ ഫിസിയോ തെറാപ്പി വിദ്യാർഥിയാണ് അജയ്.