അല്‍ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ വധിച്ചതായി അമേരിക്ക

അല്‍ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ വധിച്ചതായി അമേരിക്ക. കാബൂളില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇയാളെ വധിച്ചെന്നാണ് അമേരിക്ക അറിയിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നീതി നടപ്പിലായെന്ന് പറഞ്ഞു കൊണ്ടാണ് ബൈഡന്‍ കാബൂളിലെ ഡ്രോണ്‍ ആക്രമണത്തെക്കുറിച്ച് അറിയിച്ചത്.

അമേരിക്കയുടെ നടപടിയെ സൗദി അറേബ്യ സ്വാഗതം ചെയ്തതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അയ്മന്‍ അല്‍ സവാഹിരിയെ വധിച്ചതോടെ നീതി നടപ്പായെന്ന് യു എസ് പ്രസിഡന്റ ജോ ബൈഡന്‍ വ്യക്തമാക്കി. 2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലെ സൂത്രധാരനായിരുന്നു. രഹസ്യ താവളത്തില്‍ കഴിയുകയായിരുന്ന അയ്മന്‍ അല്‍ സവാഹിരിക്കുമേല്‍ ഡ്രോണില്‍ നിന്നുള്ള രണ്ട് മിസൈലുകള്‍ പതിക്കുകയായിരുന്നു. 2020ല്‍ സവാഹിരി മരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു.

അമേരിക്കന്‍ പൗരന്മാര്‍, അമേരിക്കന്‍ സൈനികര്‍, അമേരിക്കന്‍ നയതന്ത്രജ്ഞര്‍, അമേരിക്കയുടെ താത്പര്യങ്ങള്‍ എന്നിവയ്ക്കെതിരായ അക്രമത്തിനുള്ള മറുപടിയായിരുന്നു ഡ്രോണ്‍ ആക്രമണമെന്ന് ബൈഡന്‍ പറഞ്ഞു. തങ്ങളുടെ പൗരന്മാര്‍ക്ക് ഭീഷണിയാകുന്നവര്‍ക്ക് എവിടെ ഒളിച്ചാലും മറുപടി നല്‍കുമെന്ന് തങ്ങള്‍ താക്കീത് നല്‍കിയിരുന്നെന്നും ജോ ബൈഡന്‍ അറിയിച്ചു.

‘സൗദി പൗരന്മാര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലും മതങ്ങളിലും പെട്ട ആയിരക്കണക്കിന് നിരപരാധികളെയാണ് അയ്മന്‍ അല്‍ സവാഹിരി കൊന്നൊടുക്കിയത്. യുഎസിലും സൗദി അറേബ്യയിലും മറ്റ് രാജ്യങ്ങളിലും ഹീനമായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്ത തീവ്രവാദ നേതാക്കളില്‍ ഒരാളായാണ് അല്‍ സവാഹിരിയെ കണക്കാക്കപ്പെടുന്നതെന്നും’ സൗദി ഭരണാധികാരികള്‍ പറഞ്ഞു.

സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെയും തീവ്രവാദത്തെ ചെറുക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനുമുള്ള യോജിച്ച അന്താരാഷ്ട്ര ശ്രമങ്ങളുടെ പ്രാധാന്യം സൗദി അറേബ്യ ഊന്നിപ്പറഞ്ഞു. നിരപരാധികളെ തീവ്രവാദ സംഘടനകളില്‍ നിന്ന് സംരക്ഷിക്കുന്നതിന് സഹകരിക്കാന്‍ എല്ലാ രാജ്യങ്ങളോടും സൗദി ആഹ്വാനം ചെയ്തു.

 

Exit mobile version