ഇന്ധന വിലയില്‍ ഇടിവ്; വിമാന യാത്രാ ചെലവ് കുറയും

വിമാന യാത്രയ്ക്ക് ചെലവ് കുറയും. ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില 12 ശതമാനം കുറയുന്നതിന്റെ അടിസ്ഥാനത്തിലാണ് ചെലവ് കുറയുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ ഉണ്ടായ ഇടിവ് കണക്കിലെടുത്താണ് വിമാന ഇന്ധന വിലയില്‍ കുറവ് വരുത്തുന്നത്.

രണ്ടാഴ്ചയിലെ അന്താരാഷ്ട്ര എണ്ണവിലയുടെ നിരക്കിനെ അടിസ്ഥാനമാക്കി എല്ലാ മാസവും 1, 16 തീയതികളില്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില പരിഷ്‌കരിക്കാറുണ്ട്. മുംബൈയില്‍ ഒരു കിലോലിറ്റര്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില 1,20,875.86 ആണ്.

ഈ വര്‍ഷം ആരംഭിച്ചതിന് ശേഷം 11 തവണ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ആറുമാസത്തിനുള്ളില്‍ നിരക്ക് ഏകദേശം ഇരട്ടിയായിരുന്നു. ഒരു വിമാനക്കമ്പനിയുടെ പ്രവര്‍ത്തനച്ചെലവിന്റെ ഏകദേശം 40 ശതമാനവും ജെറ്റ് ഇന്ധനമായതിനാല്‍, വിലയിലെ വര്‍ദ്ധനവ് വിമാനത്തിന്റെ ചെലവ് വര്‍ധിപ്പിക്കുന്നതിന് കാരണമായി. ഇതിനാണ് ഇപ്പോള്‍ നേരിയ ആശ്വാസം ഉണ്ടായിരിക്കുന്നത്. ഇതോടെ വിമാന ടിക്കറ്റിന്റെ നിരക്കും കുറഞ്ഞേക്കും.

അതേസമയം റഷ്യ- യുക്രൈന്‍ യുദ്ധം മൂലം ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില ഉയരുന്നത് ഇന്ത്യന്‍ വിമാനക്കമ്പനികളുടെ ലാഭക്ഷമതയെ ദോഷകരമായി ബാധിച്ചിരുന്നു. ഇന്ധനത്തിന് മാത്രമായി വരുമാനത്തിന്റെ വലിയൊരു പങ്ക് ചെലവഴിക്കേണ്ടി വന്നതോടെ വിമാന കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയിരുന്നു.

 

Exit mobile version