പെട്ടെന്ന് സ്‌കൂളുകള്‍ മിക്സഡാക്കാന്‍ കഴിയില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകള്‍ മിക്സഡാക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാനം പിടിഎ തീരുമാനം എന്നിവ പരിഗണിച്ച് മാത്രമേ സ്‌കൂളുകള്‍ മിക്സഡ് ആക്കുകയുള്ളുവെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാനത്ത് 18 സ്‌കൂളുകള്‍ നിലവില്‍ മിക്സഡായി പ്രവര്‍ത്തിക്കുന്നു. വിദ്യാഭ്യാസ വകുപ്പ് വിഷയത്തില്‍ പഠനം നടത്തുമെന്നും മന്ത്രി പ്രതികരിച്ചു.
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും മിക്സ്ഡ് സ്‌കൂളുകളാക്കണമെന്ന ബാലാവകാശ കമ്മീഷന്‍ ഉത്തരവില്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം നിര്‍ണായകമാകും. സ്വകാര്യ സ്‌കൂളുകളില്‍ ഉള്‍പ്പടെ ഉത്തരവ് നടപ്പാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
കേരളത്തില്‍ 280 ഗേള്‍ സ്‌കൂളുകളും 164 ബോയ്സ് സ്‌കൂളുമാണുള്ളത്. എല്ലാ സ്‌കൂളുകളും മിക്സഡ് ആക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടപ്പാക്കിയാലും സ്വകാര്യ സ്‌കൂളുകളില്‍ ഇത് വെല്ലുവിളിയാകും. ഇക്കാര്യത്തിലുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍ ഇന്നുണ്ടാകും. ബാലാവകാശ കമ്മീഷന്‍ ഉത്തരവില്‍ സര്‍ക്കാരിന് അനുകൂല നിലപാടാണുള്ളത്. ഇക്കാര്യത്തില്‍ വിവിധ സംഘടനകളുടെ ആവശ്യവും സര്‍ക്കാരിന് മുന്നിലുണ്ട്.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ബോയ്സ്, ഗേള്‍സ് സ്‌കൂള്‍ സംവിധാനം വേണ്ട എന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിറക്കിയത്. ലിംഗഭേദമില്ലാതെ കുട്ടികള്‍ പഠിക്കുന്ന സഹവിദ്യാഭ്യാസം നടപ്പാക്കാന്‍ സര്‍ക്കാര്‍ കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട കമ്മീഷന്‍ 90 ദിവസത്തിനകം ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും നിര്‍ദേശിച്ചു. പുനലൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയിലായിരുന്നു നിര്‍ണായക ഉത്തരവ്.










Manna Matrimony.Com
Thalikettu.Com







