ഭരണഘടനയെ വിമര്‍ശിച്ച ഫിഷറീസ്, സഹരകണ വകുപ്പ് മന്ത്രി സജി ചെറിയാന്‍ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മന്ത്രി രാജിവെച്ചൊഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ മന്ത്രിസഭയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കണം. പുറത്താക്കിയില്ലെങ്കില്‍ പ്രതിപക്ഷം നിയമപരമായി മുന്നേറുമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഭരണഘടന സംവിധാനങ്ങളെയെല്ലാം അപകീര്‍ത്തിപ്പെടുത്തുന്നതാണ് സജി ചെറിയാന്റെ പ്രസ്താവന. ജനാധിപത്യത്തോടും മതേതരത്വത്തോടും അദ്ദേഹത്തിന് പുച്ഛമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഭരണഘടനയേയും ശില്‍പികളേയും അവഹേളിച്ചത് ക്രൂരമായ നടപടിയാണ്. അദ്ദേഹത്തിന് എവിടുന്ന് കിട്ടി ഈ വിവരങ്ങളെല്ലാം. സജി ചെറിയാന്‍ ഭരണഘടന വായിച്ച് നോക്കിയിട്ടുണ്ടോ എന്നും വിഡി സതീശന്‍ ചോദിച്ചു.
ഇന്ത്യന്‍ ഭരണഘടനയുടെ മഹത്വം എന്താണെന്നറിയാമൊ. എത്ര പവിത്രതയാണ് അതിന് കല്‍പ്പിക്കുന്നത് എന്നറിയാമോ. മന്ത്രി ഒരു നിമിഷം പോലും അധികാരത്തിലിരിക്കാന്‍ പാടില്ല. അദ്ദേഹത്തിനെതിരെ കേസെടുത്തില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കാന്‍ യുഡിഎഫ് മുന്നിട്ടിറങ്ങും.
ഈ വിവരങ്ങളെല്ലാം എവിടുന്ന് കിട്ടി എന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തുന്നു. എന്ത് പറ്റി ഈ സര്‍ക്കാരിന്. തൊട്ടത് എല്ലാം പാളിപ്പോവുകയാണ്.കിളിപോയവരാണ് ഇങ്ങനെ പറയുക. നാളെ സഭയില്‍ ഇക്കാര്യം ഉയര്‍ത്തുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് എഴുതിയ ഭരണഘടനയാണത്. സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഭരണഘടനയുടെ ഉദ്ദേശ്യം. മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. എന്നാല്‍ അത് ജനങ്ങളെ കൊളളയടിക്കുന്നതാണ്. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടി പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കവെയായിരുന്നു സജി ചെറിയാന്റെ പ്രസ്താവന.
തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന് കാരണം ഇന്ത്യന്‍ ഭരണഘടനയാണ്. തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്നതാണ് ഭരണ ഘടന. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന പരിരക്ഷയാണ്. അവര്‍ക്കെതിരെ എത്രപേര്‍ക്ക് സമരം ചെയ്യാന്‍ പറ്റും. കോടതിയും, പാര്‍ലമെന്റുമെല്ലാം മുതലാളിമാര്‍ക്കൊപ്പമാണ്. മുതലാളിമാര്‍ക്ക് അനുകൂലമായി മോദി സര്‍ക്കാരിനെ പോലുള്ളവര്‍ തീരുമാനമെടുക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഇന്ത്യന്‍ ഭരണഘന അവര്‍ക്കൊപ്പമാണ് എന്നതിന്റെ തെളിവാണെന്നും സജി ചെറിയാന്‍ ആരോപിച്ചു.
ന്യായമായ കൂലി ചോദിക്കാന്‍ പറ്റുന്നില്ല. കോടതിയില്‍ പോയാല്‍ പോലും മുതലാളിമാര്‍ക്ക് അനുകൂലമായിട്ടായിരിക്കും തീരുമാനമുണ്ടാവുക. ഇന്ന് കയ്യൂക്കുള്ളവന്‍ കാര്യക്കാരനാവുന്നത് ഭരണകൂടം അവര്‍ക്ക് അനുകൂലമായത് കൊണ്ടാണ്. തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാവുന്നത് ഈ ഭരണഘടനാ നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുന്നത് കൊണ്ടാണ്. എട്ടുമണിക്കൂര്‍ ജോലി എട്ടുമണിക്കൂര്‍ വിശ്രമം എന്നതൊക്കെ ഇല്ലാതായി. തൊഴിലാളികള്‍ക്ക് ഈ ഭരണഘടന സംരക്ഷണം നല്‍കുന്നുണ്ടോ.
നാട്ടിലുണ്ടാകുന്ന ഏത് പ്രശ്നത്തിനും കാരണം തൊഴിലാളി സംഘടനകളാണ് എന്നാണ് കുറ്റപ്പെടുത്തുന്നത്. കൂലികിട്ടാത്ത കാര്യം ചോദ്യം ചെയ്ത് കോടതിയില്‍ പോയാല്‍ ആദ്യം ചോദിക്കുന്നത് എന്തിനാണ് സമരം ചെയ്തത് എന്നാണ്. എന്നും സജി ചെറിയാന്‍ വിമര്‍ശിച്ചു.










Manna Matrimony.Com
Thalikettu.Com







