‘പ്രകൃതി കനിയണം’ : ചീങ്കണ്ണിയെ വിവാഹം ചെയ്ത് മെക്‌സിക്കന്‍ മേയര്‍

ആചാരങ്ങള്‍ എത്ര പഴക്കം ചെന്നതാണെങ്കിലും അവയെ മുറുകെ പിടിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. മെക്‌സിക്കോയും ഇത്തരത്തില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന ഒരു നാടാണ്. കഴിഞ്ഞ ദിവസം ഇവിടെ നൂറ്റാണ്ടുകള്‍ പഴക്കം ചെന്ന ആചാരപ്രകാരം ഒരു വിവാഹം നടന്നു. സാന്‍ പെദ്രോ മേയര്‍ വിക്ടര്‍ ഹ്യൂഗോ സോസയായിരുന്നു വരന്‍. വധുവാകട്ടെ ഒരു ചീങ്കണ്ണിയും. പ്രകൃതിയെ പ്രീതിപ്പെടുത്തുന്നതിന് സാന്‍ പെദ്രോയില്‍ പിന്തുടര്‍ന്ന് പോരുന്ന ആചാരമാണ് ഈ വിവാഹം.

ഏഴ് വയസ്സുള്ള ചീങ്കണ്ണി പ്രകൃതിയെ പ്രതിനിധീകരിക്കുന്നു എന്നാണ് സാന്‍ പെദ്രോയിലെ ജനങ്ങളുടെ വിശ്വാസം. ഇതിനെ ‘കുഞ്ഞ് രാജകുമാരി’ എന്നാണിവര്‍ വിളിക്കുന്നത്. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആര്‍ഭാടമായിട്ടായിരുന്നു മേയറുമായുള്ള ചീങ്കണ്ണിയുടെ വിവാഹം. മെക്‌സിക്കോയുടെ പരമ്പരാഗത വിവാഹവേഷത്തില്‍ അണിയിച്ചൊരുക്കിയ ചീങ്കണ്ണിയെയും കൊണ്ട് മേയര്‍ നാട് ചുറ്റുന്ന കാഴ്ച ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ഇടയ്ക്കിടെ മേയര്‍ ഇതിനെ ഉമ്മ വയ്ക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം. രാജകുമാരിയെയും കയ്യിലേന്തി വിവാഹവേഷത്തില്‍ മേയര്‍ പോകുമ്പോള്‍ മറ്റുള്ളവര്‍ ഇവര്‍ക്ക് വിശറി വീശിക്കൊടുക്കുന്നതും ഒരു കാഴ്ചയാണ്. ഇത്രയൊക്കെയാണെങ്കിലും’രാജകുമാരി’ മൂലം അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ ചീങ്കണ്ണിയുടെ വാ ഒരു ചെറിയ കയറുപയോഗിച്ച് കെട്ടിയായിരുന്നു വിവാഹം.

ഒക്‌സാകയിലെ ചെറിയൊരു തീരപ്രദേശമാണ് സാന്‍ പെദ്രോ. പ്രകൃതിയുടെയും മനുഷ്യന്റെയും കൂടിച്ചേരലാണ് ഇത്തരം വിവാഹങ്ങളിലൂടെ ഇവര്‍ അര്‍ഥമാക്കുന്നത്. തങ്ങള്‍ക്ക് വേണ്ട വെള്ളവും ഭക്ഷണവും നദിയില്‍ മത്സ്യവുമൊക്കെ നല്‍കുന്നതിന് പ്രകൃതിയെ പ്രീതിപ്പെടുത്താന്‍ ഇവര്‍ ഇത്തരത്തിലുള്ള ആചാരങ്ങള്‍ പിന്തുടര്‍ന്ന് പോരുന്നു.

Exit mobile version