ആലുവ- പത്തടിപ്പാലം റൂട്ടിലെ മെട്രോ സര്‍വീസ് ഇന്നു മുതല്‍ സാധാരണ ഗതിയിലേക്ക്. പത്തടിപ്പാലത്തെ 347-ാം പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് നിയന്ത്രണം നീക്കിയത്. 20 മിനിറ്റ് ഇടവിട്ടായിരുന്നു ആലുവയ്ക്കും പത്തടിപ്പാലത്തിനും ഇടയില്‍ ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നത്.
നാല് പൈലുകള്‍ അധികമായി സ്ഥാപിച്ച് പൈല് ക്യാപ് മുഖേന തൂണുമായി ബന്ധിപ്പിച്ചാണ് പത്തടിപ്പാലത്തെ അടിത്തറ ശക്തിപ്പെടുത്തിയത്. പൈലുകളുടെ ബല പരിശോധനയും ഓസിലേഷന്‍ മോണിറ്ററിങും ലോഡ് ടെസ്റ്റ് നടത്തി പരിശോധിച്ചു. വേഗ പരിശോധനയും നടത്തിയ ശേഷമാണ് ഈ ഭാഗത്തെ ഗതാഗതം പുനഃസ്ഥാപിച്ചത്.
കുസാറ്റ് മുതല്‍ പത്തടിപ്പാലം വരെയുണ്ടായിരുന്ന വേഗ നിയന്ത്രണം ഘട്ടം ഘട്ടമായി ഒഴിവാക്കും. ആലുവ – പേട്ട റൂട്ടില്‍ രണ്ട് ട്രാക്കുകളും ഉപയോഗിച്ച് തുടങ്ങിയതോടെ തിങ്കള്‍ മുതല്‍ ശനിവരെ തിരക്കുള്ള സമയങ്ങളില്‍ 7.30 മിനിറ്റും മറ്റ് സമയങ്ങളില്‍ 8.30 മിനിറ്റും ഇടവിട്ട് ട്രെയിന്‍ സര്‍വീസ് നടത്തും.