തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വീഴ്ചയില്‍ ഡോക്ടര്‍മാര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് ഉത്തരവാദിത്തം എന്ന് മന്ത്രി ചോദിച്ചു. രണ്ട് ഡോക്ടര്‍മാരെ അന്വേഷണ വിധേയമായി സസ്പന്‍ഡ് ചെയ്തതിന് പ്രതിഷേധിക്കുമെന്ന് പറയുന്നത് എന്ത് സമീപനമാണെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ചോദിച്ചു.
”സംഭവത്തില്‍ അന്വേഷണ വിധേയമായാണ് രണ്ട് ഡോക്ടര്‍മാരെ സസ്പന്‍ഡ് ചെയ്തത്. സമഗ്രമായ, വിശദമായ അന്വേഷണം നടത്തുന്നതിന് മെഡിക്കല്‍ വിദ്യാഭാസ വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിനെയും ആരോഗ്യവകുപ്പിനെയും സംബന്ധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്ന ഓരോ വ്യക്തിയും പ്രധാനപ്പെട്ടവരാണ്. ഓരോ വ്യക്തിയുടെയും ജീവന്‍ പ്രധാനപ്പെട്ടതാണ്. അതില്‍ ഡോക്ടര്‍മാര്‍ക്ക് ഉത്തരവാദിത്തമില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ഉത്തരവാദിത്തം? വിദ്യാര്‍ത്ഥികള്‍ക്കോ? ഇതില്‍ വളരെ കര്‍ശനമായ, കൃത്യമായ അന്വേഷണം നടത്തും.
അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. അതില്‍ മാറ്റമില്ല. പ്രതിഷേധിക്കുമെന്ന് പറയുന്നത് എന്ത് സമീപനമാണ്. സസ്പന്‍ഷന്‍ ശിക്ഷാനടപടിയല്ല. മാറ്റിനിര്‍ത്തി അന്വേഷണം നടത്തുകയാണ്. അത് സ്വീകരിക്കാനാവില്ല എന്ന രീതില്‍ ആളുകളുടെ ജീവന് വിലയില്ലാത്ത രീതിയില്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. സര്‍ക്കാര്‍ ആശുപത്രികള്‍ ജനങ്ങളുടെ ആശുപത്രികളാണ്. അപ്പോള്‍ ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കണം. അതിനാണ് ആരോഗ്യ വകുപ്പ് ശ്രമം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അത് നടത്തുന്നില്ലെങ്കില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. ആംബുലന്‍സിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ ഇറങ്ങുന്നതിനു മുന്‍പ് വൃക്ക അടങ്ങിയ പെട്ടിയുമായി ഇവര്‍ ഓടുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. മൊബൈല്‍ ക്യാമറയല്ല, അല്ലാതെ ഒരു ക്യാമറ അവിടെ ഉണ്ടായിരുന്നു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അങ്ങനെ ഒരു ക്യാമറ അവിടെ വന്നതെങ്ങനെ എന്നുള്ളതുള്‍പ്പെടെ അന്വേഷിക്കും.”- മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







