തൃശൂർ : ‘ഹലോ പോലീസ് അങ്കിൾ അല്ലേ ഇത്..? ഞാൻ അതുലാണ് വിളിക്കുന്നത്. എന്റെ കാണാതായ പന്ത് കണ്ടുപിടിച്ചു തരണം’. ഒരാഴ്ച മുൻപ് പഴയന്നൂർ സ്റ്റേഷനിലേക്കു വിളിച്ച 10 വയസ്സുകാരന്റെ പരാതി കേട്ട പോലീസുകാർ അന്തം വിട്ടു.. വീട്ടുമുറ്റത്തു നിന്ന് ആരോ മോഷ്ടിച്ച ഫുട്ബോൾ കണ്ടെത്തിത്തരണമെന്നായിരുന്നു അതുലിന്റെ ആവശ്യം.
പരാതി വെറും ‘പിള്ളേരുകളി’ യാണെന്നാണ് പോലീസ് ആദ്യം കരുതിയത്. പൊലീസുകാർ കുട്ടിയുടെ അമ്മയുമായി സംസാരിച്ചു. ഏറെ നാളായി അതുലും കൂട്ടരും കളിച്ചു കൊണ്ടിരുന്ന പന്ത് ഈ മാസം ഒന്നിനു മുറ്റത്തു നിന്നു കാണാതായി. വീടിനടുത്തു നടന്ന പന്തുകളി മത്സരം നടത്തിയവർ ആണ് അതെടുത്തതെന്നു അതുലിനൊരു സംശയം.
തൃശൂരിലെ ഹോട്ടലിൽ ജീവനക്കാരനായ അച്ഛൻ കൊന്നംപ്ലാക്കൽ സുധീഷിനോടും അമ്മയോടും പന്ത് കണ്ടെത്തിത്തരണമെന്ന് അതുൽ പറഞ്ഞു. വേറെ പന്തു വാങ്ങിത്തരാമെന്ന അവരുടെ മറുപടിയിൽ അതുൽ തൃപ്തനായില്ല.
പരാതി കേട്ട പൊലീസും പകരം പന്തു വാങ്ങിത്തരാമെന്നു പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, അതുൽ സമ്മതിച്ചില്ല. അവനു പഴയ പന്തു മതി. പന്തുപോയതുമായി ബന്ധപ്പെട്ട ചില സൂചനകളും നൽകി.
അവന്റെ നിഷ്കളങ്കതയ്ക്കുമുന്നിൽ തോറ്റ് പൊലീസ് പന്തിനായി അന്വേഷണം തുടങ്ങി. എഎസ്ഐ കെ. പ്രദീപ് കുമാർ, സിപിഒമാരായ ബിസ്മിത, അനീഷ് എന്നിവർ രംഗത്തിറങ്ങി. അയൽപക്കത്തെ വീടുകളിൽ അന്വേഷിച്ചപ്പോൾ പന്തുമായി പോയ സംഘം ഒരു വീട്ടിൽ വെള്ളം കുടിക്കാൻ കയറിയതായി വിവരം ലഭിച്ചു.
കോടത്തൂരിൽ ഫുട്ബോൾ മത്സരത്തിനെത്തിയ കുട്ടികളാണ് അതെന്നു മനസ്സിലായി. നാട്ടുകാരിൽ നിന്നു ചില സൂചനകൾ കൂടി കിട്ടിയതോടെ പൊലീസ് പന്ത് കണ്ടെത്തി അതുലിനെ തിരിച്ചേൽപ്പിച്ചു. തിരുവില്വാമല പുനർജനി ഗാർഡൻസിലെ ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിൽ 5–ാം ക്ലാസ് വിദ്യാർഥിയാണ് അതുൽ.










Manna Matrimony.Com
Thalikettu.Com







