പ്രതിഷേധങ്ങള്‍ക്കിടെ അഗ്‌നിപഥ് സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രായപരിധിയില്‍ ആദ്യ ബാച്ചിന് 5 വര്‍ഷത്തെ ഇളവു നല്‍കും. അടുത്ത വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തെ ഇളവുണ്ടാകും. അസം റൈഫിള്‍സിലും സിഎപിഎഫുകളിലും (സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സസ്) പത്തുശതമാനം സംവരണം നല്‍കാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.
അഗ്‌നിപഥ് സ്‌കീമിനെതിരായ പ്രതിഷേധം എട്ടു സംസ്ഥാനങ്ങളിലേക്ക് പടര്‍ന്നപ്പോഴാണ് ആനുകൂല്യങ്ങളുമായി കേന്ദ്രം രംഗത്തെത്തിയത്. ശക്തമായ പ്രതിഷേധത്തിനിടെയും റിക്രൂട്ട്‌മെന്റുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനം. നടപടികളുമായി മുന്നോട്ട് പോകാന്‍ സായുധ സേനകള്‍ക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. വ്യോമസേന നടപടികള്‍ വെള്ളിയാഴ്ച തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. കരസേന തിങ്കളാഴ്ച നടപടികള്‍ ആരംഭിക്കും.
നിലവില്‍ അഞ്ച് അര്‍ധ സൈനിക വിഭാഗങ്ങളിലായി 73,000ല്‍ അധികം ഒഴിവുകളുണ്ട്. ബിഎസ്എഫ്, സിആര്‍പിഎഫ്, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, സശസ്ത്ര സീമ ബല്‍ (എസ്എസ്ബി), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് എന്നിവയിലാണ് ഇത്രയും ഒഴിവുകള്‍. അതേസമയം, അഗ്‌നിപഥിനെച്ചൊല്ലിയുള്ള രാജ്യവ്യാപക പ്രതിഷേധം തുടര്‍ച്ചയായ നാലാം ദിവസവും തുടരുകയാണ്.
തെലങ്കാനയിലെ സെക്കന്തരാബാദില്‍ പൊലീസ് വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ട്രെയിനുകള്‍ കത്തിച്ചു. പൊതു, സ്വകാര്യ വാഹനങ്ങളും പ്രതിഷേധക്കാര്‍ ആക്രമിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ പ്രതിഷേധക്കാര്‍ ബസുകള്‍ തകര്‍ത്തു. കര്‍ശന സുരക്ഷയാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബിഹാറിലെ ജഹനാബാദില്‍ ബസിന് തീയിട്ടു. കേരളത്തിലും രണ്ട് ജില്ലകളില്‍ പ്രതിഷേധം നടക്കുകയാണ്.










Manna Matrimony.Com
Thalikettu.Com







