കോട്ടയം: കേരളത്തിൽ ഗതാഗത നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് ഇന്നു മുതൽ മോട്ടോർ വാഹന വകുപ്പിന്റെ പിടിവീഴും. സേഫ് കേരളയുടെ ഭാഗമായി ഇന്റർസെപ്റ്റർ അടക്കമുള്ള അത്യാധുനിക പരിശോധനാ ഉപകരണങ്ങളുമായി പത്തനംതിട്ട ജില്ലയിലെ പരിശോധനകൾക്ക് എൻഫോഴ്സ്മെന്റ് വിഭാഗം ഇന്നലെ മുതൽ തിതുടക്കം കുറിച്ചു. കോട്ടയം ജില്ലയിലെ പരിശോധനകൾക്കും ഇന്റർസെപ്റ്റർ തന്നെ കൂടുതലായി ഉപയോഗിക്കും. പഴഞ്ചൻ രീതിയിലുള്ള തടഞ്ഞു നിർത്തി പരിശോധന ഒഴിവാക്കുന്നതിനാണ് ഇത്.
അമിത വേഗം അളക്കുന്നതിനായുള്ള സ്പീഡ് റഡാർ, സീറ്റ് ബെൽറ്റ്, മൊബൈൽ ഫോൺ ഉപയോഗം എന്നിവ ഒന്നര കിലോമീറ്ററിനുള്ളിൽ നിന്നു തന്നെ പിടികൂടാൻ സാധിക്കുന്ന 360 ഡിഗ്രിയിൽ ചലിക്കുന്ന കാമറ, മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടുന്നതിനായുള്ള ആൽക്കോ മീറ്റർ, ഹെഡ് ലൈറ്റിന്റെ തീവ്രത അളക്കുന്ന ലക്സസ് മീറ്റർ, സൈലൻസറിന്റെയും ഹോണിന്റെയും തീവ്രത അളക്കുന്നതിനുള്ള ഡെസിബൽ മീറ്റർ, ഗ്ലാസുകളിലെ കൂളിംഗ് പേപ്പറിന്റെ വിസിബിലിറ്റി അളക്കുന്നതിനുള്ള ടിന്റ് മീറ്റർ, മുമ്പ് മോട്ടോർ വാഹന നിയമം തെറ്റിച്ചതിന്റെ പിഴ അടയ്ക്കാത്ത വാഹനങ്ങൾ തിരിച്ചറിയുന്നതിനുള്ള സംവിധാനം എന്നിവയാണ് ഇന്റർസെപ്റ്റർ വാഹനത്തിൽ ഉണ്ടാകുക.