കോട്ടയം: മണര്‍കാട് സ്വദേശിനി അര്‍ച്ചന ആത്മത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ബിനു അറസ്റ്റില്‍. സ്ത്രീധന പീഡനം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ബിനുവിനെ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത്. കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് അര്‍ച്ചനയെ ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്നാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് അര്‍ച്ചനയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ബിനു അര്‍ച്ചനയെ നിരന്തരം ഉപദ്രവിച്ചിരുന്നെന്നും മാതാപിതാക്കള്‍ പറഞ്ഞു. പല ഘട്ടങ്ങളിലായി പണം നല്‍കിയെങ്കിലും കൂടുതല്‍ പണം ചോദിച്ച് ബിനു ഉപദ്രവിച്ചതായും അര്‍ച്ചനയുടെ കുടുംബം പരാതി നല്‍കിയിരുന്നു. വ്യാപാര സ്ഥാപനം വിപുലപ്പെടുത്താന്‍ 25 ലക്ഷം രൂപ ബിനു ആവശ്യപ്പെട്ടതായും പരാതിയുണ്ട്.
ബാത്ത് റൂമിനുള്ളില്‍ വീണെന്നായിരുന്നു ഭര്‍തൃവീട്ടുകാര്‍ അര്‍ച്ചനയുടെ വീട്ടുകാരോട് പറഞ്ഞിരുന്നത്. അര്‍ച്ചനയുടെ വീട്ടിലെത്തിയാലും കുടുംബത്തോട് സംസാരിക്കാന്‍ സമ്മതിക്കില്ലെന്നും തങ്ങളുടെ മുന്നില്‍ വച്ച് മര്‍ദ്ദിച്ചിട്ടുണ്ടെന്നും അര്‍ച്ചനയുടെ സഹോദരിമാര്‍ പറഞ്ഞു. കിടങ്ങൂര്‍ സ്വദേശിനിയായ അര്‍ച്ചനയെ രണ്ടര വര്‍ഷം മുമ്പാണ് ഓട്ടോ കണ്‍സള്‍ട്ടന്റായ ബിനു വിവാഹം ചെയ്തത്.
സ്വത്തും സ്വര്‍ണവും വേണ്ടെന്ന് പറഞ്ഞാണ് വിവാഹം നടന്നത്. പിന്നീട് ബിനുവും വീട്ടുകാരും പണമാവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.