കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണകാരണം എന്ന് ആരോപിച്ച് ബന്ധുക്കൾ തർക്കിച്ചതു നേരിയ സംഘർഷത്തിനു കാരണമായി. കൊല്ലാട്, തൊട്ടിയിൽ, ടി.എൻ. നിബുമോന്റെ ഭാര്യ അഞ്ജന ഷാജി (27) ആണ് മരിച്ചത്.ശനിയാഴ്ച രാത്രി 8.30 ന് പ്രസവത്തെ തുടർന്ന് അഞ്ജനയുടെ ആരോഗ്യ നില മോശമാകുകയും മരണം സംഭവിക്കുകയും ആയിരുന്നു. ഗൈനക്കോളജി വിഭാഗത്തിലെ നവജാത ശിശു നഴ്സറിയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു.
ബന്ധുക്കൾ പറയുന്നത്: അഞ്ജനയുടെ ആദ്യ പ്രസവം ആയിരുന്നു. 3 മാസമായി മെഡിക്കൽ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിലായിരുന്നു പരിശോധനകൾ . ഇന്നലെയാണ് പ്രസവ തീയതി പറഞ്ഞിരുന്നത്. 3 ദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് നാലിന് പ്രസവ മുറിയിലാക്കി. രാത്രി 8.30 ന് പ്രസവം നടന്നതായും പെൺകുഞ്ഞ് ആണെന്നും ഡ്യൂട്ടി നഴ്സ് പറഞ്ഞു.
ഏതാനും മിനിറ്റു കഴിഞ്ഞതോടെ അഞ്ജനയ്ക്കു ശ്വാസം മുട്ടൽ അനുഭവപ്പെടുന്നതായും അതിനാൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയാണെന്നും അറിയിച്ചു. അൽപനേരം കഴിഞ്ഞപ്പോൾ രക്തസ്രാവം കൂടുതലാണെന്നും രക്തസമ്മർദം താഴ്ന്നതായും അതിനാൽ രക്തം നൽകുകയാണെന്നും ഡ്യൂട്ടി ഡോക്ടർ വ്യക്തമാക്കി. പിന്നീട് വിവരം അറിയാൻ വൈകിയതോടെ തീവ്രപരിചരണ വിഭാഗത്തിന്റെ വാതിൽ തള്ളി തുറന്ന് അകത്തു കയറി.
അപ്പോഴാണ് മരണ വിവരം ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കൾ ബഹളം വച്ചതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിളിച്ചു വരുത്തി. മൃതദേഹം പോസ്റ്റുമോർട്ടം മോർട്ടം ചെയ്യണമെന്നും ആശുപത്രി അധികൃതർ നിലപാടെടുത്തു. എന്നാൽ അഞ്ജനയുടെ പിതാവ് ഷാജി, മരണത്തിൽ പരാതിയില്ലെന്ന് രേഖാമൂലം എഴുതി നൽകി. തുടർന്ന് പോസ്റ്റുമോർട്ടം ഒഴിവാക്കി പുലർച്ചെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
വളരെ അപൂർവമായി മാത്രം കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് അഞ്ജനയ്ക്കു ഉണ്ടായതെന്നു ആശുപത്രി അധികൃതർ അറിയിച്ചു. പ്രസവ ശേഷം രക്തം കട്ടപിടിക്കാത്ത സ്ഥിതിയായിരുന്നു. ഇതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി തുടർച്ചയായി രക്തം നൽകി. 20 കുപ്പി രക്തം നൽകിയെങ്കിലും രക്ഷിക്കാനായില്ല. രോഗിയുടെ ആരോഗ്യ അവസ്ഥ ഓരോ ഘട്ടത്തിലും ബന്ധുക്കളെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും അധികൃതർ പറഞ്ഞു. അഞ്ജനയുടെ സംസ്കാരം ആർപ്പൂക്കര, വില്ലൂന്നി, ഇല്ലിച്ചിറ വീട്ടിൽ നടത്തി. ഷാജി– ശാന്ത ദമ്പതികളുടെ മകളാണ് .










Manna Matrimony.Com
Thalikettu.Com







