21,200 സൈനികര്‍, 838 ടാങ്കുകള്‍, 176 വിമാനങ്ങള്‍; റഷ്യയ്ക്ക് നേരിടേണ്ടി വന്ന ആള്‍നാശത്തിന്റെയടക്കം കണക്കുകള്‍ പുറത്തുവിട്ട് യുക്രൈന്‍

മരിച്ച റഷ്യന്‍ സൈനികരുടെയും തകര്‍ത്ത ടാങ്കുകളുടെയും വിമാനങ്ങളുടെയും കണക്ക് പുറത്തുവിട്ട് യുക്രൈന്‍. റഷ്യയ്ക്ക് 21,200 സൈനികരെ നഷ്ടപ്പെട്ടതായി യുക്രൈന്‍ വ്യക്തമാക്കുന്നു. അധിനിവേശം തുടങ്ങിയ ഫെബ്രുവരി 24-നുശേഷം 838 ടാങ്കുകളും 176 വിമാനങ്ങളും 153 ഹെലിക്കോപ്റ്ററുകളും റഷ്യയ്ക്ക് നഷ്ടപ്പെട്ടതായും യുക്രൈന്‍ സൈന്യം അവകാശപ്പെട്ടു. മോസ്‌കോയ്ക്ക് കനത്ത നാശനഷ്ടമാണ് അധിനിവേശത്തെ തുടര്‍ന്ന് നേരിടേണ്ടി വന്നതെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം ട്വിറ്ററിലൂടെ അവകാശപ്പെടുന്നു.

2162 കവചിത വാഹനങ്ങള്‍, 397 പീരങ്കികള്‍, 1523 വാഹനങ്ങള്‍, എട്ട് ബോട്ടുകള്‍, 76 ഇന്ധന ടാങ്കുകള്‍ തുടങ്ങിയവയും റഷ്യന്‍ സേനയ്ക്ക് നഷ്ടപ്പെട്ടുവെന്നാണ് യുക്രൈന്‍ പറയുന്നു. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം 58 ദിവസം പിന്നിടുമ്പോഴാണ് കണക്കുകള്‍ യുക്രൈന്‍ പുറത്തുവിട്ടിട്ടുള്ളത്.

അതേസമയം യുക്രൈന്‍ തുറമുഖ നഗരമായ മരിയുപോള്‍ പിടിച്ചെടുത്തതായാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ അവകാശപ്പെടുന്നത്. മരിയോപോളില്‍ നിന്നുള്ള ഇരുന്നൂറിലേറെ കൂട്ടക്കുഴിമാടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളാണ് മക്‌സര്‍ ടെക്‌നോളജീസ് പുറത്തുവിട്ടത്. ഇവിടെ ഒന്‍പതിനായിരത്തിലേറെ സാധാരണക്കാരെ റഷ്യന്‍ സേന വധിച്ചതായി യുക്രെയ്ന്‍ ആരോപിച്ചിരുന്നു.

മരിയുപോളിലെ അസോവ്സ്റ്റാള്‍ സ്റ്റീല്‍ പ്ലാന്റ് സമുച്ചയത്തില്‍ രണ്ടായിരത്തിലേറെ യുക്രെയ്ന്‍ പോരാളികള്‍ ഉണ്ടെങ്കിലും അവരെ നേരിട്ട് ആക്രമിക്കാതെ ഉപരോധത്തിലൂടെ ശ്വാസം മുട്ടിച്ച് കീഴടങ്ങാന്‍ പ്രേരിപ്പിക്കുക എന്ന തന്ത്രമാണ് റഷ്യ പിന്തുടരുന്നത്.

ഇതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് വ്‌ലാദിമിര്‍ സെലന്‍സ്‌കി. യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കാമെന്നറിയിച്ചു കൊണ്ടാണ് സെലന്‍സ്‌കിയുടെ ക്ഷണം. ക്ഷണത്തില്‍ പുടിനോ റഷ്യയോ പ്രതികരിച്ചിട്ടില്ല.

 

Exit mobile version