കരുണയുടെ പാത്രമായി മലങ്കര കത്തോലിക്ക സഭ; പള്ളി നഷ്ടപ്പെട്ട യാക്കോബായ വിശ്വാസികൾക്ക് പെരുന്നാൾ നടത്താൻ തങ്ങളുടെ പള്ളി വിട്ടുനൽകി;

പെരുമ്പാവൂർ: പള്ളി നഷ്ടപ്പെട്ട യാക്കോബായ വിശ്വാസികൾക്ക് പെരുന്നാൾ നടത്താൻ തങ്ങളുടെ പള്ളി വിട്ടുനൽകി കരുണയുടെ പാത്രമായി മലങ്കര കത്തോലിക്ക സഭ. ഓർത്തഡോക്സ് വിഭാഗം കോടതി ഉത്തരവ് വഴി പള്ളി പിടിച്ചെടുത്തതോടെ പെരുമ്പാവൂർ ബഥേൽ സുലൂക്കോ പള്ളിയിൽ നിന്നും പടിയിറങ്ങേണ്ടി വന്ന യാക്കോബായ വിശ്വാസികൾക്ക് മാർ കൗമായുടെ ഓർമ്മപ്പെരുന്നാൾ നടത്തുന്നതിനാണ് പെരുമ്പാവൂർ സന്തോം മലങ്കര കത്തോലിക്ക പള്ളി വിട്ടുനൽകുന്നതിന് മലങ്കര കത്തോലിക്ക സഭ തീരുമാനിച്ചിട്ടുള്ളത്. നാളെയും മറ്റന്നാളുമായാണ് പെരുന്നാൾ ആഘോഷങ്ങൾ നടക്കുക.

സ്വകാര്യകെട്ടിടത്തിൽ നടത്താനിരുന്ന പെരുന്നാൾ സന്തോം മലങ്കര കത്തോലിക്ക പള്ളിയിൽ നടത്തുന്നതിന് സാഹചര്യം ഒരുങ്ങിയതിന്റെ സന്തോഷത്തിലാണ് ഇവിടുത്തെ യാക്കോബായ വിശ്വാസികൾ. പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവായാൽ ഇന്ത്യയിലേക്ക് അയക്കപ്പെട്ട മഹാപരിശുദ്ധനായ സ്ലീബാ മോർ ഒസ്താത്തിയോസ് ബാവാ തീരുമനസ്സിലെ തൃക്കരങ്ങളാൽ മാർ കൗമായുടെ തീരുശേഷിപ്പ് പള്ളിയിൽ സ്ഥാപിച്ചതിന്റെ ഓർമ്മ പുതുക്കുന്നതാണ് ഇവിടുത്തെ പെരുന്നാൾ..

പെരുന്നാൾ മാറ്റിവെക്കേണ്ടിവരുമോ എന്ന വേദനയിൽ അയിരുന്ന യാക്കോബായ പക്ഷത്തെ വികാരിയും വിശ്വാസികളും ഇടവകയുടെ അവശ്യം പള്ളിയോട് ചേർന്ന് നിൽക്കുന്ന മലങ്കര സാന്തോം കത്തോലിക്കാ പള്ളിയിലെ വികാരിയോടും കമ്മിറ്റി അംഗങ്ങളെയും അറിയിക്കുകയായിരുന്നു. ഇവർ ഉടൻ മലങ്കര കത്തോലിക്ക മുവാറ്റുപുഴ രൂപതാദ്ധ്യക്ഷൻ ഡോ.യൂഹാനോൻ മോർ തെയഡോഷ്യസിനെ വിവരം ധരിപ്പിക്കുകയും മാർ കൗമായുടെ ഓർമ്മപ്പെരുന്നാളിന് തടസ്സവരരുതെന്നും ഇടവക ജനങ്ങളെ ക്ലേശത്തിലാക്കരുതെന്നും പെരുന്നാളിനായി സാന്തോം കത്തോലിക്കാ പള്ളി രണ്ടു ദിവസത്തേക്ക് അവർക്ക് വിട്ട് കൊടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിക്കുകയുമായിരുന്നു.

എം.സി റോഡിൽസ്ഥിതി ചെയ്യുന്ന സാന്തോം മലങ്കര കത്തോലിക്ക പള്ളി അധികൃതരാണ് കരുണയുടെ പാത്രമായി മാറിയത്..അങ്കമാലി ഭദ്രാസനസഹായ മെത്രാപ്പൊലീത്ത മാത്യൂസ് മാർ അഫ്രേം മെത്രപ്പൊലീത്ത പെരുന്നാൾ ആഘോഷങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ഹൃദയപൊട്ടുന്ന വേദനയോടെയാണ് മോർ കൗമയുടെ കബറിങ്കൽ നിന്ന് തങ്ങൾ പടിയിറങ്ങിയതെന്നും ഇപ്പോൾ ഈ വിശുദ്ധന്റെ അനുഗ്രഹത്താൽ ഒത്തുചേരുന്നതിന് താത്കാലികമായ സൗകര്യം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും യാക്കോബായ വിശ്വാസികൾ പറയുന്നു.

 

Exit mobile version