കര്‍ണാടകയിലെ കോളേജുകളിലെ ഹിജാബ് വിലക്ക് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാരായ ഉഡുപ്പി ഗവ ഗേള്‍സ് പ്രീ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ഥികള്‍. ഹൈക്കോടതി ഉത്തരവിന്റെ പൂര്‍ണ രൂപം ലഭിച്ച ശേഷം നടപടികള്‍ ആരംഭിക്കുമെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെ ഉഡുപ്പി ഗവ ഗേള്‍സ് പ്രീ യൂണിവേഴ്സിറ്റി കോളേജിലാണ് ഹിജാബ് ധരിച്ചെത്തായ വിദ്യാര്‍ഥികള്‍ക്ക് ആദ്യം പ്രവേശനം വിലക്കിയത്. ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത് ഉഡുപ്പി ഗവ ഗേള്‍സ് പ്രീ യൂണിവേഴ്സിറ്റി കോളേജിലെ ആറു വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വിശാല ബെഞ്ച് ദിവസങ്ങളോളം വിശദമായ വാദം കേട്ട ശേഷം വിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു.
തുടര്‍ന്ന് ഇന്ന് വിധി പറഞ്ഞ കോടതി ഹിജാബ് മതപരമായി നിര്‍ബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടി വിലക്ക് ശരിവെച്ചു. ഹിജാബ് വിലക്കിനെതിരായ വിദ്യാര്‍ഥികളുടെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്നതാണ് ബെഞ്ച്. 11 ദിവസമാണ് ഹരജിയില്‍ വാദം നടന്നിരുന്നത്. മതാചാരത്തിന്റെ ഭാഗമായി ഹിജാബ് അനുവദിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
എന്നാല്‍ ഒഴിച്ചു കൂടാനാകാത്ത മതാചാരമാണെന്ന് തെളിയിക്കാനായില്ലെന്ന് സ്ഥാപിക്കാനായില്ലെന്ന് കോടതി വിലയിരുത്തുകയായിരുന്നു. ഒഴിച്ചു കൂടാനാകാത്ത മതാചാരങ്ങളുടെ കൂട്ടത്തില്‍ ഹിജാബ് ഉള്‍പ്പെടുത്താനാകില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ വാദിച്ചിരുന്നു.
വിധി വരുന്ന പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് കമ്മീഷണര്‍ കമാല്‍ പന്ത് അറിയിച്ചിരുന്നു. ഇന്ന് മുതല്‍ 21 വരെയാണ് നിരോധനാജ്ഞ. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ അംഗന്‍വാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി നല്‍കിയതായി ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.










Manna Matrimony.Com
Thalikettu.Com







