റഷ്യ ആക്രമണം തുടരുന്നു; മൂന്നാംവട്ട സമാധാന ചര്‍ച്ച ഇന്ന്

 

റഷ്യ- യുക്രൈന്‍ യുദ്ധം പന്ത്രണ്ടാം ദിനത്തില്‍. തുടക്കം മുതല്‍ ചെറുത്തു നില്‍ക്കുന്ന ഖാര്‍കീവ്, തെക്കന്‍ നഗരമായ മരിയുപോള്‍, സുമി നഗരങ്ങളെ വളഞ്ഞ് ആക്രമിക്കുന്ന റഷ്യന്‍ സേന ഷെല്ലാക്രമണവും വ്യോമാക്രമണവും നിര്‍ത്താതെ തുടരുകയാണ്. അതിനിടെ റഷ്യ – യുക്രൈന്‍ മൂന്നാംവട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കും.

ഇര്‍പിന്‍ പട്ടണത്തിലും റഷ്യ ബോംബിങ് ശക്തമാക്കി. തന്ത്രപ്രധാനമായ ഹോസ്റ്റോമെല്‍ വിമാനത്താവളത്തിന് സമീപമാണ് പട്ടണം. കിയവിലേക്ക് മുന്നേറാന്‍ ശ്രമിക്കുന്ന റഷ്യയുടെ സൈനിക വാഹന വ്യൂഹവും ഇതിനടുത്താണുള്ളത്. റഷ്യന്‍ മുന്നേറ്റം തടയുന്നതിനായി ഇര്‍പിലെ പാലങ്ങള്‍ യുക്രൈന്‍ സൈന്യം തകര്‍ത്തു.

കിയവില്‍ യുക്രൈന്‍ സൈനികര്‍ കിടങ്ങുകള്‍ നിര്‍മിച്ചും റോഡുകള്‍ അടച്ചും പ്രതിരോധം ശക്തമാക്കി. സമീപ പ്രദേശങ്ങളില്‍ ഷെല്ലാക്രമണം രൂക്ഷമാണ്. പ്രധാന പാതയില്‍ മണല്‍ചാക്കുകളും കോണ്‍ക്രീറ്റ് സ്ലാബുകളും നിരത്തി. തെക്കന്‍ നഗരമായ നോവ കഖോവ്ക്കയില്‍ പ്രവേശിച്ച റഷ്യന്‍ സേനയ്‌ക്കെതിരെ പ്രതിഷേധവുമായി രണ്ടായിരത്തിലേറെപ്പേര്‍ ദേശീയ പതാകയുമായി തെരുവിലിറങ്ങി.

തെക്കന്‍ നഗരമായ ഒഡേസ ആക്രമിക്കാന്‍ റഷ്യന്‍ സേന തയ്യാറെടുക്കുകയാണെന്നും ഖാര്‍കീവ്, മൈക്കലേവ്, ചെര്‍ണീവ്, സുമി എന്നിവിടങ്ങള്‍ വളഞ്ഞിരിക്കുകയാണെന്നും യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ സെലന്‍സ്‌കി പറഞ്ഞു. മധ്യ യുക്രൈനിലെ നിപ്രോ നഗരം ആക്രമിക്കാനും റഷ്യ നീക്കം തുടങ്ങിയെന്നാണു വിവരം.

റഷ്യക്കെതിരെ ഉപരോധം ശക്തമാക്കണമെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങളോട് യുക്രൈന്‍ വീണ്ടും ആവശ്യപ്പെട്ടു. പോര്‍ വിമാനങ്ങളും ആയുധങ്ങളും എത്തിക്കണമെന്നും അഭ്യര്‍ഥിച്ചു. പോളണ്ടില്‍ നിന്നു പോര്‍വിമാനം എത്തിക്കാന്‍ ആലോചിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ഉപരോധം മൂലമുള്ള രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ റഷ്യന്‍ ഭരണകൂടം നടപടികള്‍ ശക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

 

Exit mobile version