യുദ്ധം തുടരുമെന്ന് റഷ്യ; ലക്ഷ്യം കാണും വരെ പിന്നോട്ടില്ല, യുക്രെയ്ന്‍ പ്രതിരോധം അവസാനിപ്പിച്ചാല്‍ മാത്രം വെടിനിര്‍ത്തല്‍ പരിഗണിക്കാമെന്ന് പുട്ടിന്‍

 

ലോകരാജ്യങ്ങളുടെ ഉപരോധം ശക്തമാകുമ്പോഴും നിലപാട് കടുപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുട്ടിന്‍. ലക്ഷ്യം കാണുംവരെ പിന്നോട്ടില്ലെന്ന് പുട്ടിന്‍ വ്യക്തമാക്കി. യുക്രെയ്ന്‍ യുദ്ധവിമാനങ്ങള്‍ക്ക് താവളം നല്‍കുന്ന രാജ്യങ്ങളെ യുദ്ധത്തിന്റെ ഭാഗമായതായി കണക്കാക്കുമെന്നും റഷ്യയുടെ മുന്നറിയിപ്പ്. ഇര്‍പിനില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.

ചര്‍ച്ചയിലൂടെയായാലും യുദ്ധത്തിലൂടെയായാലും ലക്ഷ്യം കാണും വരെ പിന്നോട്ടില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ വ്‌ലാഡിമര്‍ പുട്ടിന്‍ വ്യക്തമാക്കി. യുക്രെയ്ന്‍ പ്രതിരോധം അവസാനിപ്പിച്ചാല്‍ മാത്രം വെടിനിര്‍ത്തല്‍ പരിഗണിക്കാമെന്ന് നേരത്തെ പുട്ടിന്‍ പറഞ്ഞിരുന്നു.

മുന്നാം വട്ട ചര്‍ച്ചകള്‍ ഇന്നു നടക്കുമെന്ന സൂചനകള്‍ക്കിടെയാണ് പ്രകോപനപരമായ പ്രസ്താവനകള്‍. അതിനിടെ കീവിനു സമീപമുള്ള ഇര്‍പിനില്‍ റഷ്യ ആക്രമണം ശക്തമാക്കി. മേഖലയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അമ്മയും രണ്ട് കുഞ്ഞുങ്ങളും കൊല്ലപ്പെട്ടു.

ഒന്നരലക്ഷത്തിലധികം പേര്‍ ഇതുവരെ യുക്രെയ്‌നില്‍ നിന്ന് പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്. 364 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും യു.എന്‍. മനുഷ്യാവകാശ കാര്യാലയം അറിയിച്ചു. അതിനിടെ സൈനിക നടപടിക്കെതിരെ റഷ്യയിലും പ്രതിഷേധം ശക്തമാവുകയാണ്. ഇന്നലെ മാത്രം 3500 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. യുദ്ധവിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം പതിനായിരം കടന്നു.

Exit mobile version