യുക്രൈനില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ; കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാന്‍ ഇടനാഴികള്‍ തയ്യാറാക്കും

 

യുക്രെയ്‌നില്‍ താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാന്‍ ഇടനാഴികള്‍ തയ്യാറാക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഞ്ചര മണിക്കൂറാകും വെടിനിര്‍ത്തല്‍. മോസ്‌കോ സമയം 10 മണിക്ക് നിലവില്‍ വരും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.50നാണ്. മരിയുപോള്‍, വൊള്‍നോവാഹ എന്നിവിടങ്ങള്‍ വഴിയാണ് രക്ഷാപ്രവര്‍ത്തനം. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ക്ക് ആശ്വാസകരമായ വാര്‍ത്തയാണിത്.

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. യുദ്ധം തുടങ്ങി പത്താം ദിവസമാണ് റഷ്യയുടെ പ്രഖ്യാപനം. യുക്രൈനിലെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ അവസരമെന്നും റഷ്യ അറിയിച്ചു.

അഞ്ചര മണിക്കൂര്‍ നേരത്തേക്കാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ സുമിയില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുന്നതില്‍ പ്രതിസന്ധി താത്ക്കാലികമായി ഒഴിഞ്ഞിരിക്കുകയാണ്.

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം തീവ്രമായി തന്നെ തുടരുന്ന പശ്ചാത്തലത്തില്‍ നടന്ന യുക്രൈന്‍-റഷ്യ രണ്ടാംഘട്ട സമാധാന ചര്‍ച്ചയില്‍ യുദ്ധമില്ലാ മാനുഷിക ഇടനാഴി സജ്ജമാക്കാന്‍ ധാരണയായിരുന്നു. യുദ്ധഭൂമിയില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനാണ് ചില മേഖലകള്‍ മാനുഷിക ഇടനാഴികളായി പ്രഖ്യാപിക്കാന്‍ ധാരണയായത്.

ഈ ഇടനാഴികളില്‍ സൈനിക നടപടികള്‍ നിര്‍ത്തിവെക്കുകയോ ഒഴിവാക്കുകയോ ചെയ്യുമെന്ന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. അടിസ്ഥാന സൗകര്യങ്ങളില്ലാതെ സംഘര്‍ഷ മേഖലകളില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാര്‍ക്ക് സഹായമെത്തിക്കുന്നതിനായുള്ള നീക്കങ്ങള്‍ സംബന്ധിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തിയിരുന്നു.

 

 

Exit mobile version