ഖാര്‍ക്കിവിലെ റഷ്യന്‍ ഷെല്ലാക്രമണം; 21 മരണം; 112 പേര്‍ക്ക് പരുക്ക്

ഖാര്‍ക്കിവിലെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 112 പേര്‍ക്ക് പരുക്കേറ്റു. റഷ്യന്‍ പട്ടാളത്തിന്റെ ആക്രമണം തടയാന്‍ പരമാവധി ശ്രമിക്കുന്നതായി ഖാര്‍ക്കിവ് മേയര്‍ ഐഹര്‍ ടെറഖോവ് അറിയിച്ചു.

ഖാര്‍ക്കിവിലെ സൈനിക അക്കാദമിക്കും ആശുപത്രിക്കും നേരെ റഷ്യന്‍ റോക്കറ്റ് ആക്രമണം നടക്കുകയാണ്. ഖാര്‍ക്കിവിന് പുറമെ സുിയിലും ഷെല്ലാക്രമണം നടക്കുന്നുണ്ട്. ഖാര്‍ക്കിവിലെയും സുമിയിലേയും ജനങ്ങളോട് പുറത്തറിങ്ങരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യുദ്ധം തുടങ്ങി ഏഴാം ദിവസവും യുക്രൈനില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് റഷ്യ. ഖേഴ്സണ്‍ റഷ്യയുടെ നിയന്ത്രണത്തിലായി. പ്രദേശത്ത് റഷ്യ കനത്ത ഷെല്ലാക്രമണമാണ് നടത്തുന്നത്. റേഴ്സണിലെ നദീ തുറമുഖവും റെയില്‍വേ സ്റ്റേഷനും റഷ്യന്‍ സൈന്യം പിടിച്ചെടുത്തു.

കീവിലും ഖാര്‍ക്കീവിലും ആക്രമണം അതിരൂക്ഷമാണ്. കീവിലെ ടെലിവിഷന്‍ ടവറിന് നേരെയുണ്ടായ ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു. ഖാര്‍കീവ് നഗരത്തില്‍ റഷ്യന്‍ വ്യോമസേന എത്തിയതായി യുക്രൈന്‍ സ്ഥിരീകരിച്ചു. ഖാര്‍കീവിലെ ജനവാസ മേഖലയിലെ വ്യോമാക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു.

അതേസമയം, റഷ്യ- യുക്രൈന്‍ രണ്ടാംഘട്ട ചര്‍ച്ച ഇന്ന് നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ചര്‍ച്ച നടക്കുമെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടാസിനെ ഉദ്ധരിച്ച റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ബെലാറസ് -പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുക.

സൈനിക പിന്‍മാറ്റമാണ് യുക്രൈന്‍ ചര്‍ച്ചയില്‍ റഷ്യക്ക് മുന്നില്‍ വയ്ക്കുന്ന പ്രധാന ആവശ്യം. യുക്രൈനിലൂടെ കിഴക്കന്‍ യൂറോപ്യന്‍ മേഖലയിലേക്കുള്ള അമേരിക്കന്‍ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ആദ്യ ഘട്ട ചര്‍ച്ച ഫലം കാണാതായതോടെയാണ് രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നത്.

ആദ്യ റൗണ്ട് ചര്‍ച്ച തിങ്കളാഴ്ച നടന്നിരുന്നു. സാമാധാനം നിലനിര്‍ത്താനായി എന്ത് നടപടി വേണമെങ്കിലും കൈക്കൊളാമെന്നാണ് ചര്‍ച്ചയ്ക്ക് വേദിയാകുന്ന ബെലാറസ് കൈക്കൊണ്ടിരിക്കുന്ന നിലപാട്.

 

Exit mobile version