ലോകമെങ്ങും റഷ്യക്കെതിരെ പ്രതിഷേധം: യുദ്ധത്തിനെതിരെ ജനം തെരുവില്‍

 

റഷ്യയിലുള്‍പ്പെടെ യുദ്ധവിരുദ്ധ പ്രകടനങ്ങള്‍. മോസ്‌കോയിലും മറ്റു റഷ്യന്‍ നഗരങ്ങളിലും ജനം തെരുവിലിറങ്ങി. റഷ്യയില്‍ 1700 പേര്‍ അറസ്റ്റിലായി. മനുഷ്യന്റെ നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ക്ക് ഏറെനാള്‍ വേദിയായ റോമിലെ കൊളോസിയം യുക്രെയ്‌ന് പിന്തുണയുമായി നീലയും മഞ്ഞയും നിറങ്ങളില്‍ ഇന്നലെ രാത്രി പ്രകാശിച്ചു. യുക്രെയ്ന്‍ പതാകയുടെ നിറങ്ങളാണിത്.

തലസ്ഥാനമായ മോസ്‌കോയിലും മറ്റ് റഷ്യന്‍ നഗരങ്ങളിലും യുദ്ധവിരുദ്ധ പ്രകടനങ്ങളുമായി ജനം തെരുവിലിറങ്ങി. ടോക്കിയോ മുതല്‍ ടെല്‍ അവീവ്, ന്യൂയോര്‍ക്ക് വരെയുള്ള നഗരങ്ങളിലെ റഷ്യന്‍ എംബസികള്‍ക്ക് പുറത്ത് പ്രതിഷേധക്കാര്‍ അണിനിരന്നു. റഷ്യയിലെ 54 നഗരങ്ങളിലായി 1,745 പേരെ കസ്റ്റഡിയിലെടുത്തു. ഇതില്‍ 957 അറസ്റ്റും മോസ്‌കോയില്‍ നിന്നാണ്.

സെന്റ് പീറ്റേഴ്സ് ബര്‍ഗിലും മോസ്‌കോയിലുമാണ് ഏറ്റവുമധികം യുദ്ധ വിരുദ്ധ പ്രതിഷേധങ്ങള്‍ നടന്നത്. സംഘടിതമായി നടന്ന പ്രതിഷേധങ്ങളെയെല്ലാം ഭരണകൂടം വളരെ വേഗം അടിച്ചമര്‍ത്തി സമര നേതാക്കളെ ജയിലിലാക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചും ഭരണ കൂടത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ റഷ്യന്‍ ജനത ഉന്നയിക്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളും ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന വലിയ കൂട്ടം ആളുകളാണ് യുദ്ധവിരുദ്ധ ചേരിയില്‍ അണിനിരന്നിരിക്കുന്നത്.

അതേസമയം, അഞ്ച് റഷ്യന്‍ ബാങ്കുകള്‍ക്കും നൂറ് റഷ്യന്‍ ശതകോടീശ്വരന്മാര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി ബ്രിട്ടന്‍. റഷ്യയ്‌ക്കെതിരായ സാമ്പത്തിക-നയതന്ത്ര ഉപരോധത്തിന്റെ ആദ്യപടിയാണിത്. കൂടുതല്‍ കനത്ത നടപടികള്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. റഷ്യയുടെ ദേശീയ വിമാനക്കമ്പനിയായ എയറോഫ്‌ലോട്ടിന്റെ വിമാനങ്ങള്‍ക്ക് ബ്രിട്ടണില്‍ ലാന്‍ഡ് ചെയ്യുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്കുകളുടെയും ബിസിനസ് പ്രമുഖരുടെയും ആസ്തിയും സാമ്പത്തിക സംവിധാനങ്ങളും മരവിപ്പിക്കും. പുട്ടിനുമായി അടുത്തബന്ധം പുലര്‍ത്തുന്ന പ്രമുഖര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഉപരോധം.

 

Exit mobile version