ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരും, റഷ്യ- യുക്രൈന്‍ പ്രശ്‌നം സമാധാനപരമായി പരിഹരിക്കണമെന്ന് അഭ്യര്‍ത്ഥന

 

ലോകത്തെ ആശങ്കയിലാക്കി റഷ്യ, യുക്രൈനില്‍ സൈനിക നടപടി ആരംഭിച്ച സാഹചര്യത്തില്‍ നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ. റഷ്യ- യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരുമെന്നാണ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചത്. വിദേശകാര്യ സഹമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിംഗാണ് ഇന്ത്യ സ്വീകരിക്കുന്ന നിലപാട് അറിയിച്ചത്. നിലവില്‍ ഒരു രാജ്യത്തിനൊപ്പവും ഇന്ത്യ ചേരുന്നില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ സഹമന്ത്രി അറിയിച്ചു.

ഐക്യരാഷ്ട്ര രക്ഷാ സമിതിയിലെ യോഗങ്ങളിലും ഇന്ത്യ നേരത്തെ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരുന്നത്. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ മറ്റു രാജ്യങ്ങളുടെ സഹായവും ഇന്ത്യ അഭ്യര്‍ത്ഥിച്ചു. വിദേശകാര്യ മന്ത്രാലയവും വ്യോമയാന മന്ത്രാലയവും സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണ്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ കണ്ട് സ്ഥിതിഗതികളറിയിച്ചു.

റഷ്യന്‍ ആക്രമണത്തിനു ശേഷമുള്ള സാഹചര്യവും പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തു. റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കണമെന്ന് ഇന്ത്യയിലെ യുക്രൈന്‍ അംബാസഡര്‍ ഇഗോര്‍ പോളികോവ് ആവശ്യപ്പെട്ടു. രാജ്യം നിഷ്പക്ഷ’നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് യുക്രൈന്‍ അഭ്യര്‍ത്ഥന.

യുദ്ധസാഹചര്യത്തില്‍ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മടക്കമാണ് രാജ്യത്തിന് വലിയ ആശങ്കയായിരിക്കുന്നത്. യുദ്ധം തുടങ്ങിയതിനാല്‍ യുക്രൈയിന്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നില്ല. ഫ്‌ലൈറ്റുകള്‍ റദ്ദാക്കുന്നതും വിമാനത്താവളങ്ങള്‍ അടച്ചതും പൌരന്‍മാരെ തിരികെയെത്തിക്കുന്നതിന് തിരിച്ചടിയാകുകയാണ്. നേരത്തെ എയര്‍ ഇന്ത്യ വിമാനം ഇറങ്ങേണ്ടിയിരുന്ന ബോറിസ്പില്‍ വിമാനത്താവളത്തില്‍ റഷ്യന്‍ ആക്രമണമുണ്ടായിരുന്നു. ബെലാറഷ്യന്‍ സൈന്യവും ഈ ആക്രമണത്തില്‍ പങ്കെടുത്തുവെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ എയര്‍ ഇന്ത്യയുടെ യുക്രൈയിനിലേക്കുള്ള രണ്ടാമത്തെ പ്രത്യേക വിമാനത്തിന് കീവില്‍ ലാന്‍ഡ് ചെയ്യാതെ മടങ്ങേണ്ടി വന്നു.

Exit mobile version