പാലക്കാട് മലമ്പുഴ മലയില്‍ പെട്ടുപോയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മണിക്കൂറുകളായി പ്രതീക്ഷയോടെ കാത്തു നില്‍ക്കുകയാണ് ബാബുവിന്റെ സുഹൃത്തുക്കള്‍. ബാബു കാലുവഴുതി വീണതല്ലെന്നും വഴിയറിയാതെ താഴേക്ക് ഇറങ്ങിയപ്പോള്‍ കുടുങ്ങിപ്പോയതാണെന്നും ബാബുവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. ബാബു ഉടന്‍ താഴെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.
‘സൈന്യം അടുത്തെത്തിയെന്ന് പറഞ്ഞപ്പോള്‍ മുതല്‍ എത്രയും പെട്ടെന്ന് ബാബുവിനെ താഴെയിറക്കും എന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. അവന്റെ വീട്ടുകാരും പ്രതീക്ഷയിലാണ്. ഇനിയും വെള്ളമെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് മനസിലാക്കുന്നത്. എത്രയും വേഗം ബാബുവിന് വെള്ളം എത്തിക്കണം. ബാബുവിന്റെ തിരിച്ചു വരവിനാണ് എല്ലാവരും കാത്തിരിക്കുന്നത്. വഴിതെറ്റിപ്പോകാന്‍ സാധ്യതയുള്ള പ്രദേശമാണ് അത്. വഴിയറിയുന്ന നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോയിട്ടുണ്ട് എന്നത് പ്രതീക്ഷയാണ്. അവന് കാലുവഴുതി വീണതല്ല. വഴിയാണെന്ന് വിചാരിച്ച് ഇറങ്ങി വന്നപ്പോള്‍ പെട്ടുപോയതാണ്. രണ്ട് മീറ്റര്‍ താഴേക്ക് മാത്രമേ തെന്നിവീണിട്ടുള്ളൂ. ആ വഴിയിലൂടെ താഴേക്ക് വരാനാകില്ലായിരുന്നു. കാലില്‍ മുറിവുള്ളതിനാല്‍ മുകളിലേക്കും കയറാന്‍ അവന് പറ്റിയില്ല’. ബാബുവിന്റെ സുഹൃത്തുക്കള്‍ പറയുന്നു.
പാലക്കാട് മലമ്പുഴയില്‍ മലയുടെ മുകളില്‍ കുടുങ്ങിക്കിടക്കുന്ന ബാബുവിന്റെ ഏറ്റവും പുതിയ ലഭിച്ചു. 40 മണിക്കൂറിലധികമായിട്ടും ബാബുവിന് ഏറെ ആരോഗ്യ പ്രശ്നങ്ങളില്ല എന്നാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. പാറയിടുക്കിലെ പൊത്തില്‍ എഴുന്നേറ്റ് നിന്ന് ഡ്രോണ്‍ ക്യാമറയോട് ബാബു പ്രതികരിക്കുന്നുണ്ട്. വയറില്‍ തൊട്ട് കൈ കൊണ്ട് തനിക്ക് വിശക്കുന്നു എന്ന് ബാബു ആംഗ്യം കാണിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
ബാബു ഉടന്‍ പുറത്തെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. കരസേനയുടെ രക്ഷാദൗത്യം അവസാന ഘട്ടത്തിലാണ്. സംഘം ബാബുവിനരികെയെത്തി. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഡോക്ടര്‍മാര്‍ സജ്ജരാകണമെന്ന് കരസേന നിര്‍ദ്ദേശം നല്കി. ആംബുലന്‍സും ബേസ് ക്യാമ്പുമൊക്കെ സജ്ജമാണ്.










Manna Matrimony.Com
Thalikettu.Com







