പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലോക്ക്ഡൗണ്‍ സമയത്ത് പാവപ്പെട്ടവര്‍ കാല്‍നടയായി വീടുകളിലേക്ക് മടങ്ങുമ്പോള്‍ നോക്കി നില്‍ക്കണമായിരുന്നോ എന്ന് പ്രിയങ്ക ചോദിച്ചു. കുടിയേറ്റക്കാര്‍ക്ക് മഹാരാഷ്ട്ര വിടാന്‍ കോണ്‍ഗ്രസ് സൗജന്യ ട്രെയിന്‍ ടിക്കറ്റ് നല്‍കിയെന്നും, ഇത് പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ കൊവിഡ് പടരാന്‍ ഇടയാക്കിയെന്നും മോദി ആരോപിച്ചിരുന്നു.
ജനങ്ങള്‍ നിസ്സഹായരായിരിക്കുന്നതാണോ പ്രധാനമന്ത്രി കാണാന്‍ ആഗ്രഹിക്കുന്നതെന്ന് പ്രിയങ്ക ചോദിച്ചു. കുടിയേറ്റക്കാരുടെ മടക്കയാത്രയില്‍ കൊവിഡ് പടര്‍ന്നെങ്കില്‍ മോദി നടത്തിയ വലിയ റാലികളുടെ കാര്യം കൂടി വിശദീകരിക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. ലോക്സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവേയാണ് പ്രധാനമന്ത്രി ആരോപണം ഉന്നയിച്ചത്.
കൊവിഡ് ഒന്നാം തരംഗ സമയത്ത് കോണ്‍ഗ്രസ് എല്ലാ പരിധികളും മറികടന്നു. ലോക്ക്ഡൗണ്‍ സമയത്ത് ലോകാരോഗ്യ സംഘടന നല്‍കിയ ഉപദേശങ്ങള്‍ തള്ളി, തൊഴിലാളികളെ തിരികെ വീടുകളിലേക്ക് മടക്കി അയച്ചു. അതിന്റെ ഫലമായി പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ കൊവിഡ് അതിവേഗം പടര്‍ന്നു. കോണ്‍ഗ്രസ് ചെയ്തത് വലിയ പാപമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
പ്രതിപക്ഷം തൊഴിലാളികളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. ഡല്‍ഹി സര്‍ക്കാര്‍ ചേരികളില്‍ ജീപ്പുകളില്‍ ചുറ്റിക്കറങ്ങി, വീട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബസുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് പ്രഖ്യാപിച്ചു. വൈറസ് പടരാത്ത ഉത്തര്‍പ്രദേശിലും പഞ്ചാബിലും അണുബാധ വര്‍ധിച്ചു. ഇത് എന്ത് രാഷ്ട്രീയമാണ്, എത്രകാലം ഈ രാഷ്ട്രീയം തുടരും? കോണ്‍ഗ്രസിന്റെ പെരുമാറ്റം കണ്ട് രാജ്യം ഞെട്ടിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.










Manna Matrimony.Com
Thalikettu.Com







