മേപ്പയ്യൂർ: തന്റെ വിവാഹത്തിന് വിവാഹസമ്മാനമായി സ്വർണം വേണ്ടെന്ന മകളുടെ വാക്ക് സന്തോഷത്തോടെ ഏറ്റെടുത്തി നിർധനർക്ക് കൈത്താങ്ങായി ഈ പിതാവ്. ‘ഉപ്പാ എന്റെ കല്യാണത്തിന് സ്വർണം തരേണ്ട, ആ പണം കൊണ്ട് നമുക്ക് പ്രയാസമനുഭവിക്കുന്നവർക്ക് താങ്ങാവാം’- എന്ന ഷെഹന ഷെറിന്റെ വാക്കാണ് ജീവകാരുണ്യ പ്രവർത്തകനായ അന്ത്രുവിന് ഏറെ സന്തോഷം പകർന്നത്.
ഇക്കാര്യം ഷെഹനയെ വിവാഹം ചെയ്യുന്ന കോട്ടപ്പള്ളിയിലെ ചങ്ങരംകണ്ടി മുഹമ്മദ് ഷാഫിയേയും കുടുംബത്തേയും അറിയിച്ചപ്പോൾ അവരും തീരുമാനത്തിന് പൂർണ പിന്തുണ നൽകി. ഇതോടെയാണ് അങ്ങനെ ഷെഹ്ന ഷെറിന്റെയും മുഹമ്മദ് ഷാഫിയുടേയും വിവാഹ ദിനമായ ഞായറാഴ്ച്ച അന്ത്രുവിന്റെ 21 സെന്റ് സ്ഥലം ഭൂമിയില്ലാത്ത നാലു പേർക്ക് നൽകി അതിന്റെ ആധാരം കൈമാറാൻ തീരുമാനമായത്.
മേപ്പയ്യൂർ പാലിയേറ്റീവ് സെന്റർ പ്രവർത്തകരാണ് അന്ത്രുവും മകൽ ഷഹന ഷെറിനും. പാലിയേറ്റീവ് സെന്റർ നിർമിക്കുന്ന ഡയാലിസിസ് സെന്ററിന് ധനസഹായവും കല്യാണത്തിന്റെ സമ്മാനമായി നൽകും. കൂടാതെ അരിക്കുളം പ്രതീക്ഷ പാലിയേറ്റീവ്, സുരക്ഷാ പാലിയേറ്റീവ് എന്നിവയ്ക്കുമുണ്ട് ധനസഹായം. ഇതോടൊപ്പം പ്രയാസമനുഭവിക്കുന്ന ഒരാൾക്ക് വീട് നിർമ്മാണത്തിനും മറ്റൊരാൾക്ക് ചികിത്സക്കും സഹായം നൽകി.
ഒരു നിർധന കുടുംബത്തിന്റെ വീടിന്റെ അറ്റകുറ്റ പണിക്കുള്ള ധനസഹായവും ഒരു പെൺകുട്ടിയുടെ കല്യാണത്തിനുള്ള സഹായവും അന്ത്രു തന്റെ മകളുടെ വിവാഹത്തോടനുബന്ധിച്ച് ചെയ്തു. 30 വർഷമായി കുവൈറ്റിൽ ബിസിനസ് നടത്തുന്ന ഇദ്ദേഹത്തിന്റെ കാരുണ്യ പ്രവർത്തനത്തിന് ഭാര്യ റംലയും ഇളയ മകൾ ഹിബ ഫാത്തിമയും എല്ലാ പിന്തുണയും നൽകുന്നുണ്ട്. മകളുടെ കല്യാണ പന്തൽ പഴമയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ അലങ്കരിച്ചത് ഓല കൊണ്ടും ഇരഞ്ഞി ഇല കൊണ്ടും ഈന്തോല പട്ട കൊണ്ടുമാണ്.










Manna Matrimony.Com
Thalikettu.Com







