കോവിഡ് രോഗിയുടെ മൃതദേഹം ദഹിപ്പിക്കാൻ വില പേശി കോട്ടയത്തെ നരഭോജികൾ.. സൂത്രധാരന്മാർ പ്രവർത്തിക്കുന്നത് കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത്. മുട്ടമ്പലം ശ്മശാനത്തിൽ ദഹിപ്പിക്കാൻ ആവശ്യപ്പെടുന്നത് 22000 രൂപ

കോട്ടയം: കോവിഡ് ബാധിതരുടെ മരണങ്ങൾ നോക്കിയിരിക്കുന്ന ചൂഷക സംഘം ഏറെക്കാലമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ സജീവമാണെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.

ഇത് വെളിപ്പെടുത്തുന്ന ഒരു സംഭാഷണമാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. മലയാള മനോരമ ദിനപത്രമാണ് ഇത് സംബന്ധിച്ചുള്ള വാർത്ത പുറത്തു വിട്ടത്.

കോവിഡ് ബാധിതരുടെ മൃതദേഹം സംസ്കരിക്കുന്നതിനു കോട്ടയത്തെ നരഭോജികൾ ആവശ്യപ്പെട്ടത് 22,000 രൂപയാണ് . മെഡിക്കൽ കോളജ് ആശുപത്രി കേന്ദ്രീകരിച്ച് ഇത്തരം സംഘങ്ങൾ സജീവമാണെന്നതിന്റെ വിശദാംശങ്ങൾ ഇതോടെ പുറത്തായി.

കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് 11 കിലോമീറ്റർ അകലെയുള്ള മുട്ടമ്പലം ശ്മശാനത്തിൽ എത്തിക്കുന്നതിന് ഇവർ ആവശ്യപ്പെട്ടത് 22,000 രൂപ. കഴിഞ്ഞ ദിവസം മരിച്ച തലയോലപ്പറമ്പ് സ്വദേശിനിയുടെ (62) മൃതദേഹം മുട്ടമ്പലം ശ്മശാനത്തിൽ എത്തിച്ചതിന് 22,000 രൂപ വാങ്ങിയിരുന്നു. ഇതിനു പുറമേ ചിതാഭസ്മം മൺകലത്തിൽ വാങ്ങിയതിന് 500 രൂപ വേറെയും നൽകേണ്ടിവന്നതായാണ് അറിയുവാൻ കഴിയുന്നത്.

കോട്ടയം കേന്ദ്രീകരിച്ചുള്ള സ്വകാര്യ ആംബുലൻസ് സർവീസ് ഗ്രൂപ്പിലെ ഡ്രൈവറാണ് മരണമടഞ്ഞ സ്ത്രീയുടെ ബന്ധുക്കളെ സമീപിച്ചു വൻതുക വാങ്ങിയതെന്നാണ് അറിയുന്നത്.

തട്ടിപ്പ് പുറത്താക്കാൻ കോട്ടയത്തെ മാധ്യമ പ്രവർത്തകൻ, കോവിഡ് ബാധിച്ചു മരിച്ച കാരാപ്പുഴ സ്വദേശിയുടെ ബന്ധുവെന്ന മട്ടിൽ ഇവരിൽ ഒരാളുടെ ഫോണിലേക്കു അന്വേഷിച്ചപ്പോൾ ഇവർ ആവശ്യപ്പെട്ടത് 22000 രൂപയോളമാണ്.

മാധ്യമ പ്രവർത്തകനുമായുള്ള ഫോൺ സംഭാഷണത്തിൽ നിന്നുള്ള വിവരങ്ങൾ:

ആവശ്യക്കാരൻ: ചേട്ടാ എന്റെ ഒരു ബന്ധു കോവിഡ് ബാധിച്ചു മരിച്ചു. മക്കൾക്കു കോവിഡ് ആയതിനാൽ ക്വാറന്റീനിലാണ്. മുട്ടമ്പലത്ത് അടക്കാൻ ആയിരുന്നു. കർമം ചെയ്യണമായിരുന്നു.

സംഘാംഗം: കർമം ചെയ്യാൻ പൂജാരിമാർ വരില്ല.

ആവശ്യക്കാരൻ: ദഹിപ്പിക്കാൻ പറ്റുമോ?

സംഘാംഗം: ദഹിപ്പിക്കാൻ പറ്റും. ഇതു സംബന്ധിച്ചുള്ള പേപ്പറുകൾ കിട്ടണം. അതിനു മുൻപ് ബോഡി റിലീസ് ചെയ്ത് നമ്മുടെ മോർച്ചറിയിൽ കൊണ്ടുവരണം. ബോഡി റിലീസ് ചെയ്യാനുള്ള സെറ്റപ്പ് ചെയ്യ്.

ആവശ്യക്കാരൻ: മെഡിക്കൽ കോളജിൽ നിന്നാണ് നമ്പർ തന്നത്.

സംഘാംഗം: മനസ്സിലായി. മോന്റെ വീട് എവിടെയാണ്.

ആവശ്യക്കാരൻ: കാരാപ്പുഴയാണ്.

സംഘാംഗം: അവിടത്തെ നഗരസഭയിലെ കൗൺസിലറിന്റെ ലെറ്റർ വാങ്ങുക. അച്ഛൻ മരണപ്പെട്ടു. മരിച്ച ആളിന്റെ ആധാർ കാർഡിന്റെയും മക്കളുടെ ആരുടെയെങ്കിലും ആധാർ കാർഡിന്റെയും കോപ്പിയുമായി നാട്ടകത്തുള്ള ഓഫിസിൽ എത്തണം.

ആവശ്യക്കാരൻ: എല്ലാം കൂടി ആകുമ്പോൾ എത്ര രൂപയാകും ചേട്ടാ?

സംഘാംഗം: വണ്ടി എല്ലാം കൂടി 18 രൂപയ്ക്ക് (18000 രൂപയ്ക്ക്) ചെയ്യാം.

ആവശ്യക്കാരൻ: ചേട്ടാ എത്ര രൂപ എന്നാ പറഞ്ഞത് ?

സംഘാംഗം: 15 (15000രൂപ ), 14 (14000രൂപ) ആ റേഞ്ചിൽ ചെയ്യും.

ആവശ്യക്കാരൻ: ഭസ്മം കുടത്തിലാക്കി തരുമോ ചേട്ടാ?

സംഘാംഗം: 500 രൂപ കൂടി അഡീഷനൽ അടയ്ക്കണം. ഭസ്മം പട്ടിൽ പൊതിഞ്ഞു തരും.

ആവശ്യക്കാരൻ: 15500 ന് ചെയ്തു തരും അല്ലേ

സംഘാംഗം: അല്ലല്ല, ഞങ്ങളുടെ മോർച്ചറിയിൽ കൊണ്ടുവരികയാണെങ്കിൽ അവർ സമയം തരുന്നത് അനുസരിച്ച് വരും. അതിനായി ഞങ്ങളുടെ മോർച്ചറി വരുന്നതിന്റെ മോർച്ചറി ചാർജ് 5500 രൂപ കൂടി വേറെ വരും. ഇതിൽ 500 രൂപ കുറച്ച് തരാം.

ആവശ്യക്കാരൻ: അപ്പോൾ 21000 രൂപയ്ക്ക് ചെയ്തു തരുമോ?

സംഘാംഗം: അത്രയും രൂപയ്ക്ക് ചെയ്തു തരാം.

(ഏതാനും മിനിറ്റുകൾക്കു ശേഷം മുൻപ് സംസാരിച്ചയാൾ തിരിച്ചു വിളിക്കുന്നു).

സംഘാംഗം: ദഹിപ്പിക്കണമെങ്കിൽ വേഗം പറയണം, ഒരാളുടെ കൂടി സംസ്കാരത്തിനുള്ള അവസരം മാത്രമേ ഇന്നുള്ളൂ. വേണമെങ്കിൽ ഞാൻ അത് ബ്ലോക്ക് ചെയ്ത് ഇടാം. ആരെങ്കിലും വന്നാൽ പണി പാളും.

ആവശ്യക്കാരൻ: ചേട്ടാ ദഹിപ്പിക്കണമെന്നാ പറഞ്ഞത്. പക്ഷേ ഇതുവരെ പേപ്പർ ശരിയായിട്ടില്ല.
സംഘാംഗം: വേണമെങ്കിൽ ഞാൻ ബ്ലോക്ക് ചെയ്ത് ഇടാം. അവരോട് ചോദിച്ചിട്ടു പറയൂ

മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചില ജീവനക്കാരാണ് ഇത്തരത്തിലുള്ള ചൂഷക സംഘത്തിന്റെ ആളുകളായി പ്രവർത്തിക്കുന്നതെന്നും വ്യാപക ആരോപണമുണ്ട്. ഇതിനു മുൻപ് മറ്റൊരു കുടുംബത്തിൽ നിന്നും 22000 രൂപ വാങ്ങിയതായി പരാതി ഉയർന്നിരുന്നു.

Exit mobile version