നീലേശ്വരം: ആദ്യം വേണ്ടെന്ന് പറഞ്ഞ ലോട്ടറി പിന്നീട് മാറ്റിവെക്കാൻ പറഞ്ഞപ്പോൾ പ്രമോദ് എന്ന യുവാവിന് സ്വന്തമായത് 80 ലക്ഷം രൂപ. മേസ്തിരിയായ ടിവി പ്രമോദിനാണ് ഈ അപൂർവ്വ നേട്ടം.
വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപ പ്രമോദ് എടുത്ത ലോട്ടറിക്ക് ലഭിക്കുകയായിരുന്നു. നീലേശ്വരം കോൺവെന്റ് കവലയിൽ ലോട്ടറി ടിക്കറ്റ് വിൽപന നടത്തുന്ന പി നാരായണിയാണ് പ്രമോദിനായി മാറ്റിവെച്ച പിബി 643922 നമ്പർ ലോട്ടറി ടിക്കറ്റ് ഫലപ്രഖ്യാപന ശേഷം കൈമാറിയത്.
ദിവസവും നാരായണിയുടെ പക്കൽനിന്നാണ് പ്രമോദ് ടിക്കറ്റെടുക്കാറുള്ളത്. ബുധനാഴ്ച ടിക്കറ്റെടുക്കാതിരുന്നപ്പോൾ നാരായണി ഫോണിൽ വിളിക്കുകയായിരുന്നു. ആദ്യം ടിക്കറ്റ് വേണ്ടെന്ന് ആയിരുന്നു മറുപടി. ടിക്കറ്റ് കുറച്ച് ബാക്കിയാണെന്നറിയിച്ചപ്പോൾ മാറ്റിവെക്കാൻ പറഞ്ഞു. മാറ്റിവെച്ച ടിക്കറ്റിൽ ഭാഗ്യമെത്തിയ വിവരം ജോലിസ്ഥലത്തായിരുന്ന പ്രമോദിനെ നാരായണി വിളിച്ചറിയിക്കുകയായിരുന്നു.
പിന്നീട് പ്രമോദ് എത്തി ടിക്കറ്റ് ഏറ്റുവാങ്ങിയശേഷം നീലേശ്വരം അർബൻ ബാങ്കിൽ ഏല്പിച്ചു. സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ടെങ്കിലും ലോട്ടറി കമ്പമില്ലെന്ന് പ്രമോദ് പറഞ്ഞു. ഭിന്നശേഷിക്കാരയ ലോട്ടറിത്തൊഴിലാളികൾ ടിക്കറ്റുമായെത്തുമ്പോൾ അവരെ നിരാശരാക്കാൻ മനസ്സനുവദിക്കാറില്ല. ചിലദിവസങ്ങളിൽ വലിയ തുക ഇതിനായി ചെലവിടാറുണ്ട്. 1998 മുതൽ വാർപ്പ് പണിയെടുക്കുന്നു. 10 വർഷമായി വാർപ്പ് പണിയുടെ മേസ്തിരിയാണ് ഇദ്ദേഹം. ഭാര്യ: അനുരാധ. മകൻ ദേവനന്ദ്










Manna Matrimony.Com
Thalikettu.Com




