മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ എഎംഎഎയില്‍ നിന്ന് നടി പാര്‍വതി തിരുവോത്ത് രാജിവച്ചു. സംഘടന തഴഞ്ഞ വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ട് ഭാരവാഹി ഇടവേള ബാബു പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ലെന്ന് കുറിച്ച് കടുത്ത വിമര്‍ശനത്തോടെ ഫെയ്‌സ്ബുക്കിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ഇടവേള ബാബുവും രാജി വയ്ക്കണമെന്നും മനസാക്ഷിയുള്ള മറ്റ് അംഗങ്ങളില്‍ ആരെങ്കിലും ഈ ആവശ്യം ഉന്നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാര്‍വതി വ്യക്തമാക്കി.
പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
2018 ല്‍ എന്റെ സുഹൃത്തുക്കള്‍ എഎംഎഎയില്‍ നിന്ന് പിരിഞ്ഞു പോയപ്പോള്‍ ഞാന്‍ സംഘടനയില്‍ തന്നെ തുടര്‍ന്നത് തകര്‍ന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്ത് നിന്ന് കൊണ്ട് അതിനെ നവീകരിക്കാന്‍ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ എഎംഎഎയുടെ ജനറല്‍സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയില്‍ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാന്‍ ഉപേക്ഷിക്കുന്നു.
ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല.
ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് മിസ്റ്റര്‍ ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങള്‍ ഈ പരാമര്‍ശം ചര്‍ച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതല്‍ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും നിങ്ങള്‍ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്.
ഞാന്‍ എഎംഎഎയില്‍ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വയ്ക്കണം എന്ന് ഞാന്‍ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാന്‍ നോക്കി കാണുന്നു.
പാര്‍വതി തിരുവോത്ത്










Manna Matrimony.Com
Thalikettu.Com







