ചുരുങ്ങിയ കാലയളവ് കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ നടനാണ് റോഷൻ മാത്യു. ഇന്നിപ്പോൾ മലയാളത്തിൽ മാത്രമല്ല ബൊളീവുഡിലും തമിഴിലുമെല്ലാം നടൻ ചുവടുറപ്പിച്ചുകഴിഞ്ഞു. 2015ൽ പുറത്തിറങ്ങിയ അടി കപ്പ്യാരെ കൂട്ടമണി എന്ന ചിത്രത്തിലൂടെയാണ് റോഷൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
ആനന്ദം, കൂടെ, മൂത്തോൻ, കുരുതി തുടങ്ങിയ ചിത്രങ്ങളിലെ റോഷന്റെ പ്രകടനം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അനുരാഗ് കശ്യപിന്റെ ചോക്ഡ് എന്ന ചിത്രത്തിലൂടെയാണ് റോഷൻ ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായി എത്തിയ ഡാർലിംഗ്സ് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.
അജയ് ജ്ഞാനമുത്തുവിന്റെ സംവിധാനത്തിൽ തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വിക്രം നായകനായെത്തിയ കോബ്രയിലൂടെയാണ് റോഷൻ മാത്യുവിന്റെ തമിഴ് അരങ്ങേറ്റം. രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത ചിത്രത്തിലെ റോഷൻ അവതരിപ്പിച്ച കഥാപാത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പുറത്ത് വരുന്നത്. കോബ്രയിൽ രാജീവ് ഋഷി എന്ന കഥാപാത്രമാണ് റോഷന്റേത്.
ഇപ്പോഴിതാ മഹേഷ് ബാബു നായകനാകുന്ന ചിത്രത്തിൽ റോഷൻ മാത്യുവും പ്രധാന വേഷത്തിൽ എത്തുമെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. ത്രിവിക്രം ശ്രീനിവാസിന്റെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്ന എസ് എസ് എം ബി 28 എന്ന ചിത്രത്തിലൂടെ റോഷൻ തെലുങ്കിൽ അരങ്ങേറ്റം കുറിയ്ക്കുമെന്നാണ് റിപ്പോർട്ട്.
സൂര്യദേവര രാധാകൃഷ്ണ നിർമ്മിക്കുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് മഹേഷ് ബാബുവിന്റെ നായിക. എസ് തമനാണ് സംഗീതം നൽകുന്നത്. ഈ മാസം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് സൂചനകൾ. 2023 ഏപ്രിലിൽ തിയേറ്ററുകളിലെത്തിക്കാനാണ് അനിയറക്കാരുടെ ശ്രമം.