ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി നായകനായി എത്തിയ പാപ്പൻ തിയറ്ററുകളിൽ വിജയയാത്ര തുടരുകയാണ്. പ്രഖ്യാപനം മുതൽ മലയാള സിനിമ പ്രേക്ഷകർ കാത്തിരുന്ന ചിത്രം ഇതിനോടകം 50 കോടി ബോക്സ് ഓഫിസിൽ നേടി കഴിഞ്ഞു.
എബ്രഹാം മാത്യു മാത്തന് എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടായിരുന്നു സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ ഷമ്മി തിലകനും ശ്രദ്ധേയമായ വേഷമിടുന്നുണ്ട്. ഇരുട്ടൻ ചാക്കോ എന്ന കഥാപാത്രത്തെയാണ് ഷമ്മി തിലകൻ ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നത്. ഷമ്മിയുടെ പ്രകടനത്തെ പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.
അതിനിടയിൽ സുരേഷ് ഗോപിയ്ക്കൊപ്പം ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ഷമ്മി കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക് പോസ്റ്റിട്ടിരുന്നു. ചാലക്കുടിയിലെ ഡി സിനിമാസില്‍ പാപ്പന് കാണാന്‍ എത്തിയ സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രമായിരുന്നു അത്.
ഈ പോസ്റ്റിനു താഴെ ഒരാൾ കൊടുത്തിരിക്കുന്ന കമന്റും അതിനു ഷമ്മി തിലകന്റെ മറുപടിയുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ”ഞാനൊന്നും മിണ്ടുന്നില്ല… ചിലപ്പോള്‍ മാന്തിയാലോ എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ഇതിന് മറുപടിയായി ‘പറച്ചിലുകള്‍ ഇഷ്ടമാണ്..ചൊറിച്ചില്‍ ആകാതിരുന്നാല്‍ മതി’, എന്നായിരുന്നു ഷമ്മി തിലകന്റെ മറുപടി.
നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപി പോലീസ് വേഷത്തില്‍ എത്തിയ ചിത്രമാണ് പാപ്പൻ. ചിത്രത്തില്‍ മകന് ഗോകുല്‍ സുരേഷും വേഷമിടുന്നുണ്ട്. ജൂലൈ 29നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും ഷരീഫ് മുഹമ്മദും ചേർന്നാണ് നിർമ്മിക്കുന്നത്.സണ്ണിവെയിൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്,വിജയരാഘവൻ, ടിനി ടോം,ഷമ്മി തിലകൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആർജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സഹനിർമ്മാണം – സുജിത് ജെ നായർ, ഷാജി. എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം ജേക്സ് ബിജോയ് എന്നിവരും നിർവഹിക്കുന്നു.