ബോളിവുഡ് ഗായകനും മലയാളിയുമായ കെ.കെയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ സംസ്‌കരിക്കും. രാവിലെ 9 മണിക്ക് ശേഷം മുംബൈ മുക്തിദാന്‍ ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. അതേസമയം, കെ.കെയുടെ മരണത്തില്‍ സംഘാടകര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുകയാണ്. കൊല്‍ക്കത്തയിലെ നസ്‌റുള്‍ മഞ്ച ഓഡിറ്റോറിയത്തിലായിരുന്നു സംഗീത പരിപാടി നടന്നത്. ആദ്യ ദിവസത്തെ പരിപാടികള്‍ വലിയ പ്രശ്‌നമില്ലാതെ നടന്നിരുന്നു. രണ്ടാം ദിവസത്തെ പരിപാടിക്കിടെയാണ് കെ.കെയ്ക്ക് ചില പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്.
പരിപാടിക്കിടെ സംഘാടകരോട് വിവിധ പ്രശ്‌നങ്ങള്‍ കെകെ പറയുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്. ആഡിറ്റോറിയത്തില്‍ 2400 പേര്‍ക്ക് മാത്രമേ ഇരിക്കാനുള്ള സൗകര്യമുള്ളൂ. എന്നാല്‍ 7000ല്‍ അധികം ആളുകള്‍ തിങ്ങി നിറഞ്ഞ നിലയിലായിരുന്നു ആഡിറ്റോറിയം. കലാകാരന്മാര്‍ ഉണ്ടായിരുന്ന സ്റ്റേജില്‍ ഉള്‍പ്പടെ സംഘാടകരുടെ ഭാഗത്തുള്ള നൂറോളം പേര്‍ തിങ്ങി നിറഞ്ഞിരുന്നു. ഇവിടെ കടുത്ത ചൂടാണ് ആ സമയം അനുഭവപ്പെട്ടിരുന്നത്. എസി പ്രവര്‍ത്തിക്കാത്ത സാഹചര്യവുമുണ്ടായി. ഇടയ്ക്ക് വെച്ച് കറണ്ടും പോയി.
സൗകര്യക്കുറവ് മൂലം പരിപാടി ചുരുക്കാമെന്ന് പല തവണ കെ.കെ തന്നെ പറഞ്ഞിരുന്നു. അസ്വസ്ഥതകള്‍ തീവ്രമായതോടെ ഒരു പാട്ടുകൂടി പാടി അദ്ദേഹം പരിപാടി അവസാനിപ്പിക്കുകയായിരുന്നു. ശേഷം ഗ്രീന്‍ റൂമിലെത്തുമ്പോള്‍ അവിടെ എ.സി പ്രവര്‍ത്തിച്ചിരുന്നില്ല. കൂടാതെ ജനങ്ങളുടെ തിക്കും തിരക്കും ഒഴിവാക്കാനായി ഫയര്‍ എസ്റ്റിങ്യൂഷര്‍ ഉപയോഗിച്ചെന്നും അങ്ങനെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വാതകം ശ്വസിക്കാനിടയായെന്നും ആരോപണമുണ്ട്.
സംഭവം നടന്നത് 9.15ന് ആണെങ്കിലും ആശുപത്രിയിലെത്തിച്ചത് 10.30നാണ്. രാത്രി എട്ടര വരെ പരിപാടി അവതരിപ്പിച്ച ശേഷമാണ് കെ കെ താമസിച്ചിരുന്ന ഹോട്ടലിലേക്ക് എത്തിയത്. അദ്ദേഹത്തെ സിഎംആര്‍ഐ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിക്ക് തന്നെ അദ്ദേഹത്തിന്റെ മരണം സംഭവിച്ചിരുന്നു.
പൊട്ടിക്കരഞ്ഞു കൊണ്ട് കെകെയുടെ മൃതദേഹത്തിന് സമീപത്തേക്ക് നടക്കുന്ന ഭാര്യ ജ്യോതി കൃഷ്ണയുടെ ദൃശ്യങ്ങള്‍ കാണികളിലും തീരാവേദനയായി. രാജ്യം കണ്ട ഏക്കാലത്തെയും മികച്ച ഗായകന് ഔദ്യോഗിക ബഹുമതികളോടെയാണ് കൊല്‍ക്കത്ത വിട നല്‍കിയത്. കെ കെയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കൊല്‍ക്കത്ത പൊലീസ് കേസെടുത്തു. അതേസമയം മരണത്തില്‍ ദുരൂഹതയാരോപിച്ച് ബംഗാള്‍ സര്‍ക്കാരിനെതിരെ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.










Manna Matrimony.Com
Thalikettu.Com







