സിനിമാ ചിത്രീകരണ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്ന് ഹൈക്കോടതി. സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സിയാണ് ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ സംസ്ഥാന വനിതാ കമ്മീഷനും കക്ഷി ചേര്‍ന്നിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ 2018ലാണ് ഡബ്ല്യു.സി.സി ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. വനിതാ കൂട്ടായ്മയുടെ ഈ ആവശ്യം ന്യായമാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു. കമ്മീഷനെ ഇക്കഴിഞ്ഞ ജനുവരി 31നാണ് ഹര്‍ജിയില്‍ ഹൈക്കോടതി കക്ഷി ചേര്‍ത്തത്.
അതേസമയം, മലയാള സിനിമാ രംഗത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമ നിര്‍മാണം വേണമെന്ന ആവശ്യം ന്യായമാണെന്ന് കഴിഞ്ഞ ദിവസം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു. വല്ലാത്ത ചൂഷണമാണ് പലപ്പോഴും സിനിമാ രംഗത്ത് സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ടും, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും ഉടനടി പഠിച്ച് നിയമ നിര്‍മാണമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







