സില്‍വര്‍ ലൈനിനെതിരെ രൂക്ഷവിമര്‍ശവുമായി നടന് ശ്രീനിവാസന്. റെയില്‍ വന്നില്ലെങ്കില്‍ ആരും ചത്തു പോകില്ലെന്നും ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിലാണ് ആദ്യം ശ്രദ്ധ വേണ്ടതെന്നും ശ്രീനിവാസന് പറഞ്ഞു.
‘ഇത്രയും ബജറ്റുള്ള ഒരു പരിപാടി കേരളത്തില്‍ ചെയ്യുമ്പോള്‍ അതിനേക്കാള്‍ അത്യാവശ്യമുള്ള ഒരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം ചെയ്തു കഴിഞ്ഞോ? നല്ല ഭക്ഷണം കിട്ടുന്നുണ്ടോ? കേരളത്തില്‍ 95 ശതമാനം ആളുകളും മോശം ഭക്ഷണമാണ് കഴിക്കുന്നു. പാര്‍പ്പിടം ശരിയാക്കിയോ? ഇതൊക്കെ ശരിയാക്കിയിട്ട് പോലെ അതിവേഗത്തില്‍ ഓടാന്‍.’ – അദ്ദേഹം പറഞ്ഞു.
വലിയ അഴിമതി നടക്കുന്ന പദ്ധതിയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. ‘126000 കോടിയാണ് ഇതിന്റെ ചെലവ്. അതില്‍ 25000 കോടിയുടെ അഴിമതിയുണ്ടെന്നാണ് പറയുന്നത്. എനിക്കറിഞ്ഞു കൂടാ. ഇത്രയും തുക കടമെടുത്താലേ കിട്ടൂ. ബാക്കിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നീട് പണം കിട്ടാതാകും. അടിസ്ഥാന സൗകര്യങ്ങള്‍ പരിഹരിച്ചിട്ടു മതി വേഗത്തിലോടുന്ന ട്രയിന്‍. വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ അതില്‍ വലിയ പണം കൊടുത്ത് സഞ്ചരിക്കാനാകൂ. റെയില്‍ വരാത്തതു കൊണ്ട് ആളുകള്‍ ചത്തു പോകില്ല.’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, പദ്ധതിക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി മുമ്പോട്ടുപോകാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. മധ്യകേരളത്തിലെ നാല് ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാര്‍ വരെയുള്ള ഭാരവാഹികളുടെ സംയുക്ത കണ്‍വെന്‍ഷനാണ് തീരുമാനം എടുത്തത്.