മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ ഹീറോ ‘മിന്നല്‍ മുരളി’ക്ക് ഇനി അങ്ങ് ചൈനയിലും ആരാധകര്‍ ഉണ്ടാവുമെന്നാണ് തോന്നുന്നത്. മലയാളികളെ മൊത്തം ആവേശത്തിലാക്കിയ ചിത്രം കണ്ട് പൊട്ടിച്ചിരിക്കുന്ന ചൈനീസ് കുട്ടികളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.
ചിത്രത്തിന്റെ സംവിധായകന്‍ ബേസില്‍ ജോസഫാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ‘ദിസ് വീഡിയോ മെയ്ഡ് മൈ ഡേ’ എന്ന് കുറിച്ചുകൊണ്ടാണ് ബേസിലിന്റെ പോസ്റ്റ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും റിലീസ് ചെയ്ത ചിത്രത്തിന് ഇന്ത്യയില്‍ ഉടനീളം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതിനു പുറമെയാണ് ഇപ്പോള്‍ ചൈനയിലും കുട്ടികള്‍ ചിത്രം ആസ്വദിക്കുന്ന വീഡിയോ പുറത്തു വന്നിരിക്കുന്നത്.
അതേസമയം, ചിത്രം നെറ്റ്ഫ്‌ലിക്‌സിന്റെ ആഗോള ഹിറ്റായി മാറുകയാണ്. ഒക്ടോബര്‍ 24ന് ക്രിസ്മസ് റിലീസായി എത്തിയ ചിത്രം ആദ്യ ആഴ്ച തന്നെ 11 രാജ്യങ്ങളില്‍ ടോപ് 10ല്‍ എത്തിയിരുന്നു. ഇപ്പോഴിതാ രണ്ടാഴ്ച പൂര്‍ത്തിയാകുമ്പോള്‍ ഗ്ലോബല്‍ റാങ്കിങ്ങിലും മുന്നേറ്റം നടത്തിയിരിക്കുകയാണ്. ഇപ്പോള്‍ ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെ 30 രാജ്യങ്ങളുടെ ടോപ് 10 പട്ടികയില്‍ മിന്നല്‍ മുരളിയുണ്ട്.
ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ ഡിസംബര്‍ 27 മുതല്‍ ജനുവരി 2 വരെയുള്ള കാലയളവിലുള്ള റാങ്കിങ്ങിലാണ് ദേശി സൂപ്പര്‍ ഹീറോയുടെ ‘മിന്നല്‍’ നേട്ടം. ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് ചിത്രം. ലുല്ലി, വിക്കി ആന്‍ഡ് ഹെര്‍ മിസ്റ്ററി എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ബേസില്‍ തന്നെയാണ് മുരളിയുടെ ഗ്ലോബല്‍ നേട്ടങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.










Manna Matrimony.Com
Thalikettu.Com







