മുംബൈ ∙ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 2018–19 സാമ്പത്തിക വർഷത്തിൽ കിട്ടാക്കടത്തിലും മറ്റുമുള്ള 11,932 കോടി രൂപയുടെ നഷ്ടം വെളിപ്പെടുത്തിയില്ലെന്ന് റിപ്പോർട്ട്. കിട്ടാക്കടത്തിലും മറ്റും ആർബിഐയിൽ സമർപ്പിച്ച വ്യതിചലനം കണക്കിലെടുത്താൽ 2018–19 സാമ്പത്തിക വർഷം 6,968 കോടി രൂപയുടെ നഷ്ടമാണ് ബാങ്കിനെന്നാണ് വിലയിരുത്തൽ. മേയിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ഈ കാലയളവിൽ 862 കോടി രൂപയുടെ ലാഭമാണ് ബാങ്ക് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിലും അത് ശരിയല്ലെന്ന വിവരമാണ് പുറത്തുവന്നത്.
കിട്ടാക്കടവും അതു നേരിടാനുള്ള വകയിരുത്തലും ബാങ്കുകൾ വെളിപ്പെടുത്തണമെന്നാണ് ഓഹരി വിപണികളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന സെബി(സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) നിഷ്കർഷിക്കുന്നത്. ഇതുപ്രകാരം ചൊവ്വാഴ്ച സെബിയിൽ നൽകിയ വിവരത്തിലാണ് 2019 മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷത്തിൽ എസ്ബിഐയുടെ നിഷ്ക്രിയ ആസ്തി സംബന്ധിച്ച വ്യതിചലനം 11,932 കോടി രൂപയുടേതാണെന്ന് പറയുന്നത്. റിസർവ് ബാങ്കിന്റെ ആസ്തിശുദ്ധീകരണനടപടിയെത്തുടർന്നാണ് ബാങ്കുകൾ കിട്ടാക്കടം നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ചുതുടങ്ങിയത്.
65,895 കോടി രൂപയുടെ മൊത്തം നിഷ്ക്രിയ ആസ്തിയാണ് 2018–19 കാലയളവിൽ എസ്ബിഐ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ആർബിഐയുുടെ റിപ്പോർട്ട് പ്രകാരം ബാങ്കിന്റെ കിട്ടാകടം ഉൾപ്പെടെയുള്ള നിഷ്ക്രിയ ആസ്തി 77,827 കോടിയാണ്. ഇവ തമ്മിൽ 11,932 കോടി രൂപയുടെ വ്യത്യാസമാണുള്ളത്. 2019 ഡിസംബർ 31 ൽ അവസാനിക്കുന്ന സാമ്പത്തിക പാദത്തിലെ പ്രതീക്ഷിക്കുന്ന നിഷ്ക്രിയ ആസ്തിയിലെ വ്യതിചലനവും എസ്ബിഐ ചൊവ്വാഴ്ച സെബിയിൽ വ്യക്തമാക്കി. ഇതുപ്രകാരം ഡിസംബർ 31 വരെയുളള സാമ്പത്തികപാദത്തിൽ 687 കോടി രൂപയുടെ നിഷ്ക്രിയ ആസ്തിയാണ് എസ്ബിഐയ്ക്കുള്ളത്.