കോട്ടയം : കോട്ടയത്ത് നാണയം നിക്ഷേപിച്ചാൽ ശുദ്ധജലം ലഭിക്കുന്ന വാട്ടർ എടിഎമ്മുകൾ പാതയോരങ്ങളിൽ സ്ഥാപിക്കാൻ പദ്ധതി ഒരുങ്ങുന്നു. റെയിൽവേ സ്റ്റേഷനുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും നടപ്പാക്കിയ മാതൃകയിലുള്ള വാട്ടർ എടിഎം എംസി റോഡിൽ തുരുത്തിയിലാണു പ്രവർത്തനസജ്ജമാകുന്നത്.
വാട്ടർ ട്രീറ്റ്മെന്റ്, വേസ്റ്റ് വാട്ടർ മാനേജ്മെന്റ് രംഗത്തു പ്രവർത്തിക്കുന്ന എച്ച്ടുഒ കെയർ എന്ന സ്ഥാപനമാണു തുരുത്തിയിലെ ഓഫിസിനു മുൻപിലായി വാട്ടർ എടിഎം സ്ഥാപിച്ചത്. 2 രൂപ നാണയം മെഷീനിൽ ഇട്ടാൽ ഒരു ലീറ്റർ ശുദ്ധജലം പൈപ്പിലൂടെ ലഭിക്കും. 7 ഘട്ടങ്ങളിലായി ശുചീകരിച്ച്, ഗുണമേന്മ ഉറപ്പാക്കിയ വെള്ളമാണു ലഭിക്കുക.
50 ലീറ്റർ വെള്ളമാണു ഒരു സമയം മെഷീനിൽ സൂക്ഷിക്കുക. ഗുണനിലവാരവുമായി ബന്ധപ്പെട്ട ടിഡിഎസ്, പിഎച്ച്, താപനില എന്നിവ ഡിസ്പ്ലേ സ്ക്രീനിൽ തെളിയും. ഒന്നര ലക്ഷം രൂപയാണ് മെഷീൻ ഉൾപ്പെടെ വാട്ടർ എടിഎം നിർമിക്കാൻ ചെലവ്. ഞായറാഴ്ച മുതൽ എടിഎമ്മിൽ നിന്നു ശുദ്ധജലം ലഭിച്ചു തുടങ്ങും.