വൈക്കം: ഒടുവിൽ ഡിഎൻഎ ഫലം വന്നു. കോട്ടയം മറിയപ്പള്ളിയിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടം ജിഷ്ണുവിന്റേതു തന്നെയെന്നു വ്യക്തമായതായി അധികൃതർ.
വൈക്കം വെച്ചൂർ ശാസ്തക്കുളം സ്വദേശി ജിഷ്ണുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് മറിയപ്പള്ളിയിൽ കണ്ടെത്തിയത് ജിഷ്ണുവിന്റെ ശരീരഭാഗം തന്നെയെന്നു ഉറപ്പിച്ചത്.
ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും ജിഷ്ണുവിനില്ലാത്തതിനാൽ ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് ബന്ധുക്കളും നാട്ടുകാരും. ജിഷ്ണുവിന്റെ മൃതദേഹാവശിഷ്ടം ഏറ്റുവാങ്ങി സംസ്കരിക്കാനോ ഡിഎൻഎ ഫലം മുഖവിലയ്ക്കെടുക്കാനോ തങ്ങൾ തയ്യാറല്ലെന്ന നിലപാടിലാണ് ജിഷ്ണുവിന്റെ മാതാപിതാക്കളും ബന്ധുക്കളും.
ഡിഎൻഎ ടെസ്റ്റ് വീണ്ടും നടത്താനും ജിഷ്ണുവിന്റെ ഫോണുമായി ബന്ധപ്പെട്ട സൈബർ സെൽ റിപ്പോർട്ട് ഉടൻ ലഭ്യമാക്കാനും ഹൈക്കോടതിയെ സമീപിക്കുമെന്നും ജിഷ്ണുവിന്റെ പിതാവ് പറഞ്ഞു. മറിയപ്പള്ളിയിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടം 23 കാരന്റേതല്ലെന്നും കാലപ്പഴക്കമേറെയുള്ളതുമാണെന്ന സംശയമുന്നയിച്ചു ഡിഎൻഎ പരിശോധനയ്ക്കു ശിപാർശ ചെയ്തത് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെ പാനലാണ്.
മൃതദേഹാവശിഷ്ടം കണ്ടെടുത്ത സ്ഥലത്തുനിന്നു രണ്ടു ഫോണുകൾ കണ്ടെടുത്തെന്നാണ് മാധ്യമങ്ങളിൽ വാർത്ത വന്നത്. ഒരു ഫോൺ മാത്രമാണ് ലഭിച്ചതെന്നായിരുന്നു പോലീസ് ഭാഷ്യം. ജിഷ്ണുവിന്റെ മൂന്നരപവനോളം വരുന്ന മാല മൃതദേഹാവശിഷ്ടത്തിൽനിന്ന് ലഭിച്ചിരുന്നില്ല. മൃതദേഹാവശിഷ്ടത്തിലെ തലയോട്ടിയിൽ വലതു ഭാഗത്തെ ഏതാനും പല്ലുകളില്ലായിരുന്നു.
ഇതൊക്ക ദുരൂഹത വർധിപ്പിച്ചിട്ടും ആ വഴിക്കൊന്നും അന്വേഷണം നടന്നില്ലെന്നു ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു. ജിഷ്ണുവിന്റെ ഫോണുമായി ബന്ധപ്പെട്ട സൈബർ സെല്ലിൽനിന്നുള്ള റിപ്പോർട്ട് ലഭിച്ചാൽ കേസിൽ വഴിത്തിരിവുണ്ടാകുമെന്ന് ജിഷ്ണുവിന്റെ കുടുംബാംഗങ്ങൾ കരുതുന്നു.










Manna Matrimony.Com
Thalikettu.Com







