കോഴിക്കോട്: വർഷങ്ങൾക്കു ശേഷം കത്തി കരിഞ്ഞു മരിച്ച നിലയിൽ കണ്ടെത്തിയയാളുടെ രേഖാചിത്രം ഫേഷ്യൽ റീ കൺസ്ട്രക്ഷൻ നടത്തി തയ്യാറാക്കി അന്വേഷണ സംഘം രംഗത്ത് . പറമ്പിൽ ബസാർ പോലൂർ പയിമ്പ്ര റോഡിനു സമീപത്തെ ചെറുവറ്റ സായിബാബ ആശ്രമത്തിനടത്തുള്ള കാടുമൂടിയ പ്രദേശത്ത് കണ്ടെത്തിയ പുരുഷന്റെ മൃതദേഹത്തിന്റെ രേഖ ചിത്രമാണ് പോലീസ് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ നിർമിച്ചെടുത്തത്.
നേരത്തെ സൂപ്പർ ഇംപോസിങ് സംവിധാനത്തിലൂടെ രേഖാ ചിത്രം തയാറാക്കിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. 2015 മുതൽ 2017 വരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള മിസിങ് കേസുകളെ കുറിച്ച് വിശദമായി അന്വേഷിച്ചെങ്കിലും മരിച്ചയാളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചില്ല.
2017 സെപ്റ്റംബർ 14നായിരുന്നു കോഴിക്കോട് പറമ്പിൽ ബസാറിന് സമീപം പോലൂരിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണം പല വഴിക്ക് നടന്നെങ്കിലും മരിച്ചത് ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
ഭാഗികമായി കത്തികരിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് സൂചനകൾ. ലോക്കൽ പൊലീസ് മൂന്നുമാസം അന്വേഷിച്ച് ഉത്തരം കിട്ടാതിരുന്ന കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി.
എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിലും പുരോഗതി ഉണ്ടാകാത്തതിനെ തുടർന്ന് കേസ് ഡിവൈഎസ്‌പി ബിനോയിയുടെ കീഴിലുള്ള യൂണിറ്റിന് കൈമാറുകയായിരുന്നു.
ഇപ്പോൾ തയാറാക്കിയ രേഖാചിത്രവുമായി ബന്ധപ്പെട്ടുള്ളയാളുടെ വിവരങ്ങൾ അറിയുന്നവർ ക്രൈംബ്രാഞ്ചിനെ ബന്ധപ്പെടണം. നിർണായക വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികവും നൽകും.










Manna Matrimony.Com
Thalikettu.Com







