തിരുവനന്തപുരം: മെട്രോമാന് ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിക്ക് സര്‍ക്കാരിന്റെ റെഡ് സിഗ്നല്‍. ഡിഎംആര്‍സി റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണെന്നും നിലവിലെ പ്ലാനില്‍ പദ്ധതി പറ്റില്ലെന്നാണ് വിദഗ്ധസമിതി റിപ്പോര്‍ട്ട് എന്നും മുഖ്യമന്ത്രി വി ഡി സതീശന് വ്യക്തമാക്കി. പരിസ്ഥിതി ആഘാതപഠനം ഉള്‍പ്പെടെ സര്‍ക്കാര്‍ വീണ്ടും നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അത് പരിശോധിക്കുന്നതിനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. ഡിഎംആര്‍സി റിപ്പോര്‍ട്ട് പൂര്‍ണ്ണമല്ലെന്നാണ് വിദഗ്ധസമിതി വിലയിരുത്തല്‍. കേരളത്തിന്റെ പരിമിതമായ സാമ്പത്തിക വിഭവശേഷി, യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്താത്തത്, പാരിസ്ഥിതിക സാമൂഹിക പഠനം നടത്താത്തതിനാലും ഈ രൂപത്തില്‍ പദ്ധതി ഏറ്റെടുക്കാനാകില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തുടര്‍നടപടികള്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നുണ്ട്’, മുഖ്യമന്ത്രി പറഞ്ഞു. ചരക്കുഗതാഗത സാധ്യത, ഭൂമിയുടെ ലഭ്യത, നിലവിലുള്ളതും ഭാവിയില്‍ വികസിക്കപ്പെടുന്നതുമായ മെട്രോ, തുറമുഖ ഉള്‍നാടന്‍ ജലഗതാഗതവുമായി സംയോജിപ്പിക്കല്‍ എന്നിവ പഠിക്കണമെന്നും നിര്‍ദേശമുള്ളതായി വി ഡി സതീശന് പറഞ്ഞു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട് സംസ്ഥാന താല്പര്യത്തിന് വിരുദ്ധമായി സര്‍ക്കാര്‍ ഒന്നും ചെയ്യില്ലെന്നും വി ഡി സതീശന് പറഞ്ഞു. അദാനി ഗ്രൂപ്പിന് ഇളവ് നല്‍കിയത് ഇടത് സര്‍ക്കാര്‍ ആണെന്നും വിമര്‍ശനം ഉയര്‍ന്നു. 219 കോടി രൂപ അദാനി പോര്‍ട്ട് നഷ്ടപരിഹാരം നല്‍കാനുണ്ട്, എല്‍ഡിഎഫ് സര്‍ക്കാര്‍ അതെല്ലാം ഒഴിവാക്കി കൊടുത്തുവെന്നും അത് എന്ത് ഡീല്‍ ആണെന്നും വി ഡി സതീശന് ചോദിച്ചു.
പ്ലീഡര്‍ നിയമനത്തില്‍ കെഎസ്യു വിമര്‍ശനത്തേയും മുഖ്യമന്ത്രി പരിഹസിച്ച് തള്ളി. ലോയേഴ്സ് കോണ്‍ഗ്രസിന്റെ പട്ടികയില്‍ നിന്നാണ് നിയമനം എന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. സര്‍ക്കാര്‍ പ്ലീഡറെ നിയമിക്കുന്നത് കെഎസ്യു അല്ല. ലോയേഴ്സ് കോണ്‍ഗ്രസ് സമര്‍പ്പിച്ച പട്ടികയില്‍ നിന്നാണ് നിയമനങ്ങളെന്നും അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം തേടിയെന്നുമാണ് വി ഡി സതീശന്റെ മറുപടി.










Manna Matrimony.Com
Thalikettu.Com






