മലപ്പുറം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലക്ക്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നിര്‍ദേശത്തില്‍ പുതിയ പെരുമാറ്റച്ചട്ടം പുറത്തിറക്കി. വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നത് അച്ചടക്കലംഘനമായാണ് പെരുമാറ്റച്ചട്ടത്തില്‍ പറയുന്നത്. ക്യാമ്പസിനുള്ളില്‍ മുദ്രാവാക്യം വിളി പാടില്ലെന്നും നിര്‍ദേശമുണ്ട്.
ക്യാമ്പസിനുള്ളില്‍ അനധികൃതമായ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ലെന്നും അനധികൃതമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്തെത്തി. പെരുമാറ്റച്ചട്ടം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഇന്ന് രാവിലെ 9.30ന് എസ്എഫ്‌ഐ മലയാളസര്‍വകലാശാലയുടെ ഭാഗമായി സിന്‍ഡിക്കേറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. മലയാളസര്‍വകലാശാലയിലെ പൊതുപ്രവേശന പരീക്ഷ എടുത്തു കളയുന്നതിനെതിരെയും എസ്എഫ്‌ഐ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.
ഗവര്‍ണര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നുവെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനത്തെ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് കേരളത്തിലെ സര്‍വകലാശാലകളിലേക്ക് ഗവര്‍ണര്‍ അയച്ച ഉത്തരവ് അതീവ ഗുരുതര സ്വഭാവത്തോടെ കാണണമെന്ന് സഞ്ജീവ് ഫേസ്ബുക്കില്‍ കുറിച്ചു.










Manna Matrimony.Com
Thalikettu.Com






