കോട്ടയം: ആരോഗ്യ രംഗത്ത് ഇന്ത്യ മഹാരാജ്യം നേരിടുന്ന വെല്ലുവിളികളിലൊന്നാണ് രാജ്യത്തെ വെന്റിലേറ്റർ ക്ഷാമം. വർധിച്ചു വരുന്ന രോഗികൾക്കനുസരിച്ച് വെന്റിലേറ്ററുകൾ ആവശ്യത്തിന് ലഭ്യമല്ല എന്നതും വെല്ലുവിളിയാണ്.
എന്നാൽ ഈ വെല്ലുവിളിക്ക് പരിഹാരവുമായാണ് കോട്ടയം ഏറ്റുമാനൂർ മംഗളം എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ച ചിലവ് കുറഞ്ഞ വെന്റിലേറ്റർ മാതൃക.
കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി നടത്തിയ വെന്റിലേറ്റർ ചലഞ്ചിൽ ആദ്യത്തെ അഞ്ചു സ്ഥാനങ്ങളിൽ മംഗളം എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ അനന്തകൃഷ്ണനും, സൃഹൃത്തുക്കളും ഇടം പിടിക്കുകയായിരുന്നു.
ഇലക്ട്രോമെക്കാനിക്കൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച വെന്റിലേറ്റർ മോട്ടോറുകളുടെയും, കൺട്രോൾ ചെയ്യുന്ന സോഫ്ട്വെയറുകളുടെയും പൂർണ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. കണക്റ്റ് ചെയ്ത ലാപ്ടോപ്പിൽ ഇൻസ്റ്റാൾ ചെയ്ത സോഫ്റ്റ്വെയർ ഉപയോഗിച്ച് പൂർണ നിയന്ത്രണം സാധ്യമാകും.
ആറാം സെമസ്റ്റർ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ അനന്തകൃഷ്ണൻ യു ബി, കിരൺ രാജേന്ദ്രൻ, സുബിൻ കെ ജോൺ, വിഥുൻ ലാൽ, അഭിമന്യു എന്നിവർ ചേർന്നാണ് വെന്റിലേറ്റർ വികസിപ്പിച്ചെടുത്തത്. മംഗളം കോളേജ് മെക്കാനിക്കൽ വിഭാഗം പ്രൊഫസർ അമൽ ആർ ആണ് വിദ്യാർത്ഥികൾക്കാവശ്യമായ ഗൈഡൻസ് നൽകിയത്.
വിദ്യാർത്ഥികളെ പ്രശംസിച്ച് മന്ത്രി തോമസ് ഐസക്കും ഇന്നലെ രംഗത്തെത്തിയിരുന്നു. വിദഗ്ധരുമായി സംസാരിച്ച് വ്യാവസായികമായി ഇത് നിർമിക്കാൻ സാധ്യത തേടുമെന്നാണ് മന്ത്രിയുടെ പോസ്റ്റിന്റെ ഉള്ളടക്കം. മന്ത്രി ഫെസ്ബൂക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.