ഡൽഹി: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ വിശ്വാസം അർപ്പിച്ച കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട് എന്ന് രാഹുൽ ഗാന്ധി. നിർണായകവും ഹൃദയസ്പർശിയുമായ ജനവിധിയാണ് കേരളത്തിലുണ്ടായതെന്നും യുഡിഎഫിലുള്ള വർധിച്ചുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്നും രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ കുറിച്ചു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ ഭൂരിപക്ഷത്തോടെയുള്ള വിജയത്തിലേക്കാണ് ഇത് വഴിതെളിക്കുന്നതെന്നും സന്ദേശം വ്യക്തമാണെന്നും രാഹുൽ പറഞ്ഞു. ജനങ്ങളെ കേൾക്കുകയും പ്രതികരിക്കുകയും നിറവേറ്റുകയും ചെയ്യുന്ന ഉത്തരവാദിത്തമുള്ള ഭരണമാണ് കേരളം ആഗ്രഹിക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
കേരളത്തിലെ സാധാരണ ജനങ്ങളോടൊപ്പം നിൽക്കുക, അവരുടെ ദൈനംദിന ആശങ്കകൾ പരിഹരിക്കുക, സുതാര്യവും ജനങ്ങൾക്ക് മുൻഗണന നൽകുന്നതുമായ ഭരണം ഉറപ്പാക്കുക എന്നിവയിലാണ് കോൺഗ്രസിന്റെ ശ്രദ്ധ. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികൾക്കും അഭിനന്ദനം അറിയിക്കുന്നതായും, ഈ വിജയത്തിനായ കഠിനാധ്വാനം നടത്തിയ എല്ലാ നേതാക്കൾക്കും പ്രവർത്തകർക്കും തന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നതായും രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിലെ എൻഡിഎയുടെ വിജയത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് നന്ദി അറിയിച്ചു. എൻഡിഎയുടെ വിജയം കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ ബിജെപിക്കും എൻഡിഎയ്ക്കും മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.










Manna Matrimony.Com
Thalikettu.Com







