ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മറ്റൊരു യുവതി കൂടി പരാതിയുമായി രംഗത്തെത്തിയതോടെ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ഷമ മുഹമ്മദ് പറഞ്ഞു. സിപിഐഎം, ബിജെപി പാർട്ടികളെ പോലെയല്ല കോൺഗ്രസ്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ശക്തമായ നിലപാട് പാർട്ടി എടുത്തിട്ടുണ്ടെന്നും ഷമ പറഞ്ഞു.
യുവതിയുടെ ആരോപണം വന്ന സമയത്ത്, പൊലീസ് എഫ്ഐആർ പോലും ഇടാത്ത സമയത്ത് തങ്ങൾ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതാണ്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെപ്പിക്കുകയും ചെയ്തിരുന്നു. രാഹുൽ നട്ടെല്ലും നിലപാടും ഉള്ള നേതാവാണെങ്കിൽ ഒളിവിൽ നിന്ന് പുറത്തുവരണമെന്നും ഷമ ആവശ്യപ്പെട്ടു.
രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതും യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒരുമിച്ചെടുത്ത നിലപാടാണെന്നും ഷമ വ്യക്തമാക്കി. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഒരു നിലപാട് എടുത്താൽ അത് അംഗീകരിക്കണമെന്നും ഷമ പറഞ്ഞു. രാഹുലിനെ എതിർക്കുന്നവർക്കെതിരായ സൈബർ ആക്രമണം തെറ്റാണെന്നും എനിക്ക് സൈബർ ആക്രമണം നടത്തുന്നവരെ പേടിയില്ലെന്നും ഷമ വ്യക്തമാക്കി.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നാളെ അന്തിമവാദം കേള്‍ക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. വിധി നാളെയുണ്ടാകുമെന്നാണ് വിവരം. ഒന്നേമുക്കാല്‍ മണിക്കൂറോളമാണ് ഇന്ന് കേസില്‍ വാദമുണ്ടായത്. കേസുമായി ബന്ധപ്പെട്ട് ചില രേഖകള്‍ പരിശോധിക്കാനുണ്ടെന്ന് കോടതി പറഞ്ഞിരുന്നു. അത് പരിശോധിച്ചശേഷം നാളെ രാവിലെ പതിനൊന്ന് മണിയോടെ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോടതി രാഹുലിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞിട്ടില്ല.










Manna Matrimony.Com
Thalikettu.Com







