മലയാളത്തിലെ പ്രിയതാരം പൃഥ്വിരാജും പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജോബ് കുര്യനും കോളേജ് കാലത്തെ സുഹൃത്തുക്കൾ ആണെന്ന് പലർക്കും അറിയാത്ത കാര്യമാണ്. എന്നാൽ അടുത്തിടെ ഒരു പരിപാടിയ്ക്കിടയിൽ പൃഥ്വിരാജ് തന്നെയാണ് അക്കാര്യം വെളിപ്പെടുത്തിയത്. ജോബ് പങ്കെടുത്ത ഒരു വേദിയിലായിരുന്നു തങ്ങളുടെ കോളേജ് കാലം പൃഥ്വിരാജ് ഓർത്തെടുത്തത്.
പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെ:
“ജോബും ഞാനും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങളുടെ ഗാങ്ങിൽ ഒരാളും കൂടിയുണ്ട്, നെടുമുടി അങ്കിളിന്റെ മകൻ ഉണ്ണി. ജോബും ഞാനും ഒരുമിച്ച് പഠിച്ചതാണ്. കുറെ ആളുകൾക്ക് അറിയുന്ന കഥയാണിത് എന്ന് എനിക്ക് തോന്നുന്നു. അന്ന് സ്കൂളിലെ ഏറ്റവും നല്ല പാട്ടുകാരൻ ജോബ് ആണ്. ഞാൻ കുറച്ചൊക്കെ പാടുമെങ്കിലും കൂടുതലും പ്രസംഗ മത്സരങ്ങളിലാണ് പങ്കെടുത്തിരുന്നത്. പെൺകുട്ടികൾക്കിടയിൽ പ്രസംഗത്തിനൊന്നും വലിയ മാർക്കറ്റില്ല. പാട്ടിനാണ് കൂടുതൽ മാർക്കറ്റ്. അതിൻ്റെ എല്ലാ ഗുണങ്ങളും മുതലെടുത്ത ഒരാളാണ് ജോബ് കുര്യൻ.”
പൃഥ്വിരാജ് സൈനിക് സ്കൂളിൽ നിന്ന് മാറി ഭാരതീയ വിദ്യാഭവനിൽ ചേർന്ന ശേഷമാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്. പ്ലസ് വൺ, പ്ലസ് ടു കാലഘട്ടത്തിൽ സിബിഎസ്ഇ യൂത്ത് ഫെസ്റ്റിവൽ പ്രചാരത്തിലായിരുന്ന സമയം പൃഥ്വിരാജ് ഓർത്തെടുത്തു.
“സിബിഎസ്ഇ യൂത്ത് ഫെസ്റ്റിവലിന് ഞാൻ പ്രസംഗ മത്സരം എന്നൊക്കെ പറഞ്ഞു പോകുമ്പോൾ ഇവൻ സ്റ്റേജിൽ പാടാൻ വരും. ജോബ് പാടാൻ വരുന്നു എന്ന് പറയുമ്പോൾ എല്ലാ സ്കൂളിലെയും കുട്ടികൾ, പ്രത്യേകിച്ച് പെൺകുട്ടികൾ, ഓടി വരും അത് കേൾക്കാൻ വേണ്ടി. ഇവനന്ന് അസ്സലായിട്ട് ക്ലാസിക്കൽ പാടുമായിരുന്നു. ട്രെയിൻഡ് സിംഗർ ആണ്.”
ജോബ് കുര്യൻ സിനിമാ ഗാനരംഗത്തേക്ക് വരാതെ സ്വന്തമായിട്ടുള്ള മ്യൂസിക് പ്രൊഡക്ഷൻ രംഗത്തേക്ക് പോയപ്പോൾ തനിക്ക് അത്ഭുതം തോന്നിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ജോബിന്റെ ഇൻഡിപെൻഡന്റ് മ്യൂസിക്കിനെക്കുറിച്ചും പൃഥ്വിരാജ് വാചാലനായി.
“എൻ്റെ ഓർമ്മയിൽ അന്നുതന്നെ അവൻ മ്യൂസിക്കിനെ ഡിഫ്രന്റ് ആയിട്ടായിരുന്നു കണ്ടിരുന്നത്. ഭയങ്കര ഇൻട്രെസ്റ്റിംഗ് സൗണ്ട് ഉള്ള മ്യൂസിക് ക്രിയേറ്റ് ചെയ്യുന്ന ആളാണ്. ജോബിന്റെ യഥാർത്ഥ കഴിവിൻ്റെ 10% പോലും സിനിമയോ മറ്റു മേഖലകളും ഉപയോഗിച്ചിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല.”
‘ഉറുമി’യിലെ ഗായകൻ
‘ഉറുമി’ സിനിമ നിർമ്മിക്കുന്ന സമയത്ത് നടന്ന രസകരമായ സംഭവവും പൃഥ്വിരാജ് പങ്കുവെച്ചു.
“ഞാൻ ആദ്യമായിട്ട് ‘ഉറുമി’ എന്ന സിനിമ നിർമ്മിക്കുമ്പോൾ, ദീപക് ദേവ് ആണ് എന്നെ വിളിച്ചിട്ട് എനിക്കൊരു പുതിയ പാട്ടുകാരനെ കുറിച്ച് പറയാനുണ്ട് എന്ന് പറയുന്നത്. അയാളാണ് ട്രാക്ക് പാടിയത്, പൃഥ്വി ഒന്ന് കേട്ട് നോക്കൂ. പൃഥ്വിക്ക് ഓക്കെയാണെങ്കിൽ നമുക്ക് അയാളെ കൊണ്ട് പാടിക്കാം എന്ന് പറഞ്ഞു. ഞാൻ ചോദിച്ചു ആരാണ് ഈ സിംഗർ എന്ന്. അതൊരു പുതിയ ആളാണ് പേര് ജോബ് കുര്യൻ എന്നാണ് എന്ന് ദീപക് പറഞ്ഞു. ഞാൻ പറഞ്ഞു അത് പുതിയ ആളല്ല, വളരെ പഴയ ആളാണ് എന്ന്. അന്നാണ് ദീപക്കിന് മനസ്സിലാകുന്നത് ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ് എന്ന്. അന്ന് ഉറുമിയിൽ ഇവൻ പാടി. ‘എമ്പുരാനി’ൽ പാടി.”
പ്ലേ ലിസ്റ്റിലെ പ്രിയഗാനം
ജോബിൻ്റെ ശബ്ദത്തോടുള്ള ഇഷ്ടം തുറന്നു പറഞ്ഞ പൃഥ്വിരാജ്, ‘കലി’ എന്ന സിനിമയിലെ ‘ചില്ലുറാന്തൽ’ എന്ന ഗാനം തൻ്റെ പ്ലേ ലിസ്റ്റിലെ ഒന്നാമത്തെ പാട്ടായി എപ്പോഴും ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു.
“അമേസിങ് സിംഗർ ആണ്. ഇനി ഒരു പത്ത് വർഷം കഴിഞ്ഞ് നമ്മൾ കണ്ടുമുട്ടുമ്പോൾ ജോബ് ഇനിയും ഒരുപാട് മുന്നിലേക്ക് പോയി കാണും എന്ന് എനിക്ക് ഉറപ്പുണ്ട്. ആർട്ടിനെ അവൻ്റെ സംഗീതത്തെ അത്രയും ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു കലാകാരനാണ്. കലയ്ക്ക് അങ്ങനെ ഒരു ഗുണമുണ്ട്. നമ്മൾ അതിനോട് അത്രയും ആത്മാർത്ഥതയോടെയാണ് നിൽക്കുന്നത് എങ്കിൽ അതിൻ്റെ ഫലം ഒരിക്കൽ തീർച്ചയായും നിങ്ങൾക്ക് കിട്ടും. അവൻ തീർച്ചയായും ഉടനെ തന്നെ ഒരു സെൻസേഷണൽ ആർട്ടിസ്റ്റ് ആയി മാറും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. ഇവൻ്റെ കൂടെ ഈ സ്റ്റേജിൽ നിൽക്കുന്നതിൽ എനിക്ക് അഭിമാനം തോന്നുന്നു. ഇവനൊപ്പം ഇവിടെ നിൽക്കാൻ എനിക്കാണ് പ്രിവിലേജ് കിട്ടിയിരിക്കുന്നത്.”
Subscribe










Manna Matrimony.Com
Thalikettu.Com







